Site icon Newskerala

നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ജമൈക്കയിലേക്ക്, മണിക്കൂറില്‍ 300 കി.മി വേഗതയിൽ

ന്യൂഡൽഹി:കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ജമൈക്കയില്‍ 173 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കാറ്റഗറി 5 ചുഴലിക്കാറ്റ് കരതൊടാന്‍ പോകുന്നു. കാറ്റിന് മണിക്കൂറില്‍ 300 കി.മി വേഗതയുണ്ടാകും. മെലിസ എന്ന ചുഴലിക്കാറ്റ് ജമൈക്കയില്‍ മഹാ വിപത്തിന് കാരണമാകുമെന്ന് ലോക കാലാവസ്ഥ സംഘടന (ഡബ്ല്യു.എം.ഒ) മുന്നറിയിപ്പ് നല്‍കി. ജമൈക്ക എന്ന രാജ്യത്തേക്കാള്‍ വലിയ ക്ലൗഡ് ബാന്റാണ് മെലിസക്കുള്ളത്. അതിനാല്‍ രാജ്യം മുഴുക്കെ ചുഴലിക്കാറ്റിന്റെ കെടുതികള്‍ അനുഭവിക്കും.

കാറ്റ് കരയറും മുന്‍പ് തന്നെ എട്ടു പേര്‍ കനത്ത കാറ്റിലും മഴയിലും മരിച്ചു. രാജ്യം മുഴുവന്‍ കാറ്റിന്റെ ശക്തി ബാധിക്കുന്നതിനാല്‍ എവിടേക്കും ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധിയുണ്ട്.

ജമൈക്ക കഴിഞ്ഞാല്‍ ക്യൂബയുടെ ഒരു ഭഗത്തു കൂടിയും മെലിസ കടന്നു പോകും. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റിന്റെ കണ്ണ് കരകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70 സെ.മി മഴയാണ് ഇവിടെ പ്രവചിക്കുന്നത്. കരകയറിയ ശേഷം ചുഴലികാറ്റിന്റെ ശക്തി കാറ്റഗറി 4 ലേക്ക് കുറയും. കാറ്റിനെ തുടര്‍ന്ന് ജമൈക്കയില്‍ 2 ലക്ഷം പേര്‍ ഇപ്പോള്‍ ഇരുട്ടിലാണ്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ നാശമുണ്ടാക്കുമെന്ന് ഉറപ്പാണ്.

Exit mobile version