Site icon Newskerala

മസാല ബോണ്ടിൽ ക്രമക്കേടില്ല, ഫെമ ചട്ടം ലംഘിച്ചിട്ടില്ല, ആരോപണങ്ങൾ കെട്ടിച്ചമച്ചത്,’ ഇ.ഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്ബി സി.ഇ.ഒ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസിലെ ആരോപണങ്ങൾ നിഷേധിച്ച് കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം. മസാല ബോണ്ട് വിനിയോ​ഗത്തിൽ ക്രമക്കേടില്ല. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ചട്ടം ലംഘിച്ചില്ലെന്നും എബ്രഹാം വ്യക്തമാക്കി. തെറ്റായ കണക്കുകൾ ഉദ്ധരിച്ചും വസ്തുതകൾ വളച്ചൊടിച്ചും ചട്ടങ്ങളെക്കുറിച്ച് കാര്യമായ ധാരണയില്ലാതെയുമാണ് നോട്ടീസ് തയ്യാറാക്കിയിരിക്കുന്നതെന്നും കിഫ്ബി വിശദീകരണത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇ.ഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ​ലക്ഷ്യമാണെന്നും കിഫ്ബി ആരോപിച്ചു. ഭൂമി വാങ്ങുന്നതിനായി 466 കോടി രൂപ ചെലവഴിച്ചുവെന്ന നോട്ടീസിലെ ആരോപണം പൂർണ്ണമായും തെറ്റാണ്. ഭൂമി ഏറ്റെടുക്കലിനായി യഥാർത്ഥത്തിൽ ചെലവഴിച്ചത് 66 കോടി മാത്രമായിരുന്നു, ഇത് പൂർണമായി നിയമാനുസൃതമായാണ് ​ചെലവഴിച്ചത്. ആരോപണത്തിനൊപ്പം ഇ.ഡി സൂചിപ്പിക്കുന്ന പട്ടിക കിഫ്ബി തയ്യാറാക്കിയതല്ല. ഞെട്ടിക്കുന്ന രീതിയിലാണ് ആരോപണം കെട്ടിച്ചമക്കപ്പെട്ടിരിക്കുന്നത്. പൊതുമേഖയിൽ അടിസ്ഥാന സൗകര്യവികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതും വാണിജ്യാവശ്യങ്ങൾക്ക് ഭൂമി വാങ്ങുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഇത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി.എ.ജി) ഉൾപ്പെടെയുള്ളവർ അംഗീകരിച്ചിട്ടുള്ളതാണ്. വാണിജ്യ ഭൂമി വാങ്ങലിനോ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനോ ഒരു രൂപ പോലും കിഫ്ബി ചെലവഴിച്ചിട്ടില്ലെന്നും എബ്രഹാം വിശദീകരണത്തിൽ വ്യക്തമാക്കി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും സമാനമായി ഇ.ഡി നോട്ടീസുകൾ അയച്ചിരുന്നു. നോട്ടീസ് മാധ്യമങ്ങൾക്ക് ചോർത്തിയത് മനഃപൂർവമാണെന്നും കിഫ്ബി ആരോപിക്കുന്നു. അതേസമയം, മസാല ബോണ്ടിൽ ഫെമ ചട്ട ലംഘനം ഉണ്ടായെന്നാണ് ഇ.ഡി വിശദീകരണം. മസാല ബോണ്ട് വഴി ശേഖരിച്ച 466.91 കോടി രൂപ ഉപയോഗിച്ച് ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ചാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 2016 ലെ ആർ.ബി.ഐ നിർദ്ദേശങ്ങളുടെ ലംഘനമാണ് ഇടപാടെന്നാണ് ഇ.ഡി വിശദീകരിക്കുന്നത്. ഈ വർഷം ജൂൺ 27 നാണ് ഇഡി അന്വേഷണം പൂർത്തിയാക്കി അജ്യൂഡിക്കേഷൻ അതോറിറ്റിക്ക് റിപ്പോർട്ട് നൽകിയത്. ലണ്ടൻ സ്റ്റോക്ക് എസ്ഞ്ചേഞ്ചിലും സിംഗപ്പൂർ സ്റ്റോക്ക് എസ്ഞ്ചേഞ്ചിലും മസാല ബോണ്ട് വിതരണം ചെയ്ത് 2672.80 കോടി രൂപ ശേഖരിച്ചു . കിഫ്ബി ചെയര്‍മാൻ പിണറായി വിജയൻ, വൈസ് ചെയർമാൻ ധനമന്ത്രി തോമസ് ഐസക്, സി.ഇ.ഒ കെ.എം അബ്രഹാം എന്നിവർക്ക് പുറമെ കിഫ്ബിക്കുമാണ് നവംബർ 12 ന് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിക്കുന്നവർ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ഇ.ഡ‍ി വ്യക്തമാക്കി. കിഫ്ബി നോട്ടീസിന് വിശദമായ മറുപടി നൽകുമെന്നും എബ്രഹാം പറഞ്ഞു. സമൻസുകളിലൂടെ ശേഖരിക്കുന്ന രേഖകളുടെ ദുരുപയോഗം, രഹസ്യ സ്വഭാവമുള്ള നോട്ടീസുകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകൽ എന്നിവയടക്കം ഇ.ഡി നടപടിക്രമങ്ങളിലെ അപാകതകൾക്കെതിരെ നിയമപരമായും മുന്നോട്ടുപോകുമെന്ന് എബ്രഹാം വ്യക്തമാക്കി.

Exit mobile version