Site icon Newskerala

ഞാന്‍ മുസ്ലിമിനെ വിവാഹം ചെയ്തു, ഒളിച്ചോടി എന്നെല്ലാമാണ് പറയുന്നത്.. എല്ലാം തെറ്റാണ്: രാജശ്രീ നായര്‍

‘മേഘസന്ദേശം’ സിനിമയിലെ ‘റോസി’ എന്ന ഇഡ്‌ലി കഴിക്കുന്ന പ്രേതം എന്നും ട്രോളുകളില്‍ നിറയാറുണ്ട്. നടി രാജശ്രീ നായരുടെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് റോസി. തന്റെ പേരിലുള്ള വിക്കിപീഡിയ പേജിലെ വിവരങ്ങള്‍ മുഴുവനും തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാജശ്രീ ഇപ്പോള്‍. ‘മെയ്ഷ അഫ്താബ്’ എന്ന പേര് രാജശ്രീയുടെ വിക്കിപീഡിയ പേജില്‍ കാണാനാവും. ഇതെല്ലാം തെറ്റാണെന്ന് പറയുകയാണ് രാജശ്രീ.
മാതൃഭൂമി ഡോട്ട് കോമിനോടാണ് രാജശ്രീ പ്രതികരിച്ചത്. ”വിക്കിപീഡിയയില്‍ പറഞ്ഞിരിക്കുന്ന പല വിവരങ്ങളും തെറ്റാണ്. ഞാന്‍ ഭാരതിരാജ സാറിന്റെ ‘കറുത്തമ്മ’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. എന്റെ പേര് വരെ തെറ്റാണ്. അതുപോലെ എന്റെ വ്യക്തിപരമായ വിവരങ്ങളും തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്. ഞാന്‍ മുസ്ലിമിനെ വിവാഹം ചെയ്തു, ഒളിച്ചോടി എന്നെല്ലാമാണ് പറഞ്ഞിരിക്കുന്നത്.”
”അതെല്ലാം തെറ്റാണ്. ഒരിക്കല്‍ എന്റെ സംവിധായകന്‍ വന്നെന്നെ ബീഗം എന്ന് വിളിക്കുമ്പോഴാണ് ഞാനിക്കാര്യം അറിയുന്നത്. തിരുത്താന്‍ പലവട്ടം ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. ദയവായി ആളുകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ ഇതോടെ മാറ്റണം. അതിന് മാധ്യമങ്ങളും സഹായിക്കണം” എന്നാണ് രാജശ്രീ പറയുന്നത്.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രാജശ്രീ. പൃഥ്വിരാജിന്റെ ‘വിലായത്ത് ബുദ്ധ’യിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. മേഘസന്ദേശത്തിന് ശേഷം രാവണപ്രഭു, മിസ്റ്റര്‍ ബ്രഹ്‌മചാരി എന്നീ സിനിമകള്‍ രാജശ്രീ ചെയ്തു.

വിവാഹത്തോടെ വിദേശത്ത് താമസമാക്കിയ രാജശ്രീ പിന്നീട് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. തുടര്‍ന്ന് ജമ്‌നാപ്യാരി എന്ന സിനിമയിലും വേഷമിട്ടു. ഒരിടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും അഭിനയത്തില്‍ സജീവമാകുന്നത്. വിലായത്ത് ബുദ്ധയില്‍ നായിക കഥാപാത്രമായ പ്രിയംവദയുടെ അമ്മ റോളിലാണ് രാജശ്രീ വേഷമിട്ടത്.

Exit mobile version