Site icon Newskerala

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ ഈ ചെന്നൈ പയ്യൻ; ആസ്തി 21,190 കോടി രൂപ

പെർപ്ലെക്സിറ്റി എ.ഐയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ അരവിന്ദ് ശ്രീനിവാസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ. എം.ത്രീ.എം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ 2025ലാണ് അരവിന്ദ് ശ്രീനിവാസ് ഇടം പിടിച്ചത്. 31 വയസായ അരവിന്ദ് ശ്രീനിവാസിന്‍റെ ആസ്തി 21,190 കോടി രൂപയാണ്.എ.ഐ അധിഷ്ഠിത സെർച്ച് പ്ലാറ്റ്‌ഫോമായ പെർപ്ലെക്സിറ്റിയുടെ വളർച്ചയാണ് ഇതിന് പിന്നിൽ. സമീപ വർഷങ്ങളിൽ ഏറെ പ്രശസ്തി നേടിയ എ.ഐ പ്ലാറ്റ്‌ഫോമായ പെർപ്ലെക്സിറ്റിക്ക് 2025 വരെ ലോകമെമ്പാടുമായി ഏകദേശം 22 ദശലക്ഷം സജീവ ഉപയോക്താക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്.ലിസ്റ്റ് അനുസരിച്ച് ഇന്ത്യയിൽ ഇപ്പോൾ 358 കോടീശ്വരന്മാരുണ്ട്. 1,687 വ്യക്തികൾ 1,000 കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ളവരാണ്. അത് രാജ്യത്തിന്റെ ജി.ഡി.പിയുടെ പകുതിയോളം വരും. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിലെ കോടീശ്വരന്മാർ പ്രതിദിനം ഏകദേശം 1,991 കോടി രൂപ സമ്പത്ത് ചേർത്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യം എല്ലാ ആഴ്ചയും ഒരു പുതിയ കോടീശ്വരനെ സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നീ മേഖലകളാണ് സമ്പത്ത് വർധിപ്പിക്കുന്നതിൽ പ്രധാനമെന്ന് ഹുറൺ റിച്ച് ലിസ്റ്റ് പറയുന്നു. പെർപ്ലെക്സിറ്റി എ.ഐ അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാക്കി എന്നവേണം പറയാൻ. ചെന്നൈയിൽ ജനിച്ചു വളർന്ന ശ്രീനിവാസിന്റെ ഉയർച്ച ആഗോള ഡീപ്-ടെക് മേഖലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഗൂഗ്ൾ ജെമിനി, ഓപൺ എ.ഐയുടെ ചാറ്റ്ജിപിടി എന്നിവക്ക് വെല്ലുവിളി ഉയർത്തിയാണ് നിലവിൽ പെർപ്ലെക്സിറ്റി പ്രവർത്തിക്കുന്നത്. ഇന്ത്യൻ വംശജനും എഞ്ചിനിയറുമാണ് പെർപ്ലെക്സിറ്റി എ.ഐ സഹസ്ഥാപകനും സി.ഇ.ഒയുമായ ശ്രീനിവാസ്. മദ്രാസ് ഐ.ഐ.ടിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ഡബിൾ ഡിഗ്രി നേടി. പിന്നീട് ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡി പൂർത്തിയാക്കി. സ്വന്തമായി കമ്പനി ആരംഭിക്കുന്നതിന് മുമ്പ്, ഓപൺ എ.ഐ, ഗൂഗ്ൾ, ഡീപ് മൈൻഡ് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച എ.ഐ ലാബുകളിൽ അദ്ദേഹം ജോലി ചെയ്തു. 2022ൽ ശ്രീനിവാസ് ഡെനിസ് യാരാറ്റ്സ്, ജോണി ഹോ, ആൻഡി കോൺവിൻസ്കി എന്നിവരുമായി ചേർന്ന് പെർപ്ലെക്സിറ്റി എഐ സ്ഥാപിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഗൂഗ്ൾ ക്രോം ബ്രൗസർ വാങ്ങാൻ 34.5 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നു. എം.ത്രീ.എം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025ൽ 358 ശതകോടീശ്വരന്മാർ ഉൾപ്പെടുന്നത്.

Exit mobile version