കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് രാഹുലിന്റെ അഭിഭാഷകൻ അഡ്വ.ജോർജ് പൂന്തോട്ടം. മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷൻ ആണെന്ന് അറിയുന്നത് ആദ്യമായാണ്. മുഖ്യമന്ത്രി ഡിജിപി ആണോയെന്നുമാണ് ജോർജ് പൂന്തോട്ടം പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷൻ ആണെന്ന് അറിയുന്നത് ആദ്യമായാണ്. ഇത് കഴിഞ്ഞ മൂന്ന് മാസമായി ഉണ്ടാക്കിയെടുത്ത ഹൈപ്പ് ആണ്. വാട്‌സ്അപ്പ് ചാറ്റിലെ സംഭാഷണം രാഹുലിന്റേതാണെന്നതിന് എന്താണ് തെളിവ്. സർക്കാരിന് ശബരിമല വിഷയം മറയ്ക്കാൻ ഉള്ള നാടകമാണെന്നും അഡ്വ. ജോർജ് പൂന്തോട്ടം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഭിഭാഷകൻ.പുറത്ത് വന്ന ഓഡിയോ രാഹുലിന്റെതാണ് എന്നതിന് എന്ത് തെളിവാണ് ഉള്ളത്. ഇത് രാഷ്ട്രീയ നാടകമാണ്. നിലമ്പൂർ തെരഞ്ഞെടുപ്പ് സമയത്താണ് ഗർഭഛിദ്രം നടത്തിയതെന്ന് പെൺകുട്ടി പറയുന്നതായാണ് ഓഡിയോയിലുള്ളത്. എന്നിട്ട് ഇപ്പോഴാണോ പരാതി പറയുന്നതെന്നും അഭിഭാഷകൻ ചോദിച്ചു.കൂടാതെ, രാഹുലിനെതിരായ പരാതിയിൽ അസ്വാഭാവികതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസതയിൽ സംശയമുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇതുവരെ ഇല്ലാത്ത പരാതി ഇപ്പോൾ വരുന്നത് താത്പര്യത്തിന്റെ പേരിലാണെന്നും പരാതി പുറത്തുവന്ന സമയം അസ്വാഭാവികമാണെന്നുമാണ് ജോർജ് പൂന്തോട്ടം പറഞ്ഞത്. അതേസമയം, യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. പരാതി സംബന്ധിച്ച തുടർനടപടികൾ ആലോചിക്കുന്നതിനായി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിവരങ്ങൾ ചർച്ച ചെയ്തു. പരാതിയിൽ തിരുവനന്തപുരം റൂറൽ എസ്പിയും സംഘവും അതിജീവിതയുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാനാണ് സാധ്യത.


