പ്രമേഹരോഗികളിൽ ഹൃദയാഘാതവും സ്ട്രോക്കും കൂടുതൽ സംഭവിക്കുന്നതിനു കാരണം ഇതാണ്
പ്രമേഹരോഗികളിൽ പലപ്പോഴും മരണകാരണമാകുന്നത് ഹൃദയാഘാതമാണ്. പ്രമേഹ പൂർവാവസ്ഥകളിൽതന്നെ ഈ സാധ്യത കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ശരിയായ ജീവിതചര്യയിലൂടെ പ്രമേഹ പൂർവാവസ്ഥകളും നിയന്ത്രിച്ചു നിർത്തേണ്ടതാണ്.
രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ധമനികൾ ചുരുങ്ങുന്ന അവസ്ഥ പ്രമേഹരോഗികളിൽ കൂടുതലാണ്. അപകടകരമായ കൊഴുപ്പിലെ വിഭാഗങ്ങളാണ് പ്രമേഹരോഗമുള്ളവരിൽ കൂടുതലായുണ്ടാകുന്നത്. കൂടുതൽ കാലം ചെന്നതും നിയന്ത്രണ വിധേയമല്ലാത്തതുമായ പ്രമേഹ രോഗികൾക്ക് വേദന അനുഭവപ്പെടാതെയുള്ള ഹൃദയാഘാതം, നെഞ്ചിടിപ്പ്, ശ്വാസതടസ്സം തുടങ്ങിയവയ്ക്കു സാധ്യത കൂടുതലാണ്.
അതുകൊണ്ട് സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായ ചെറിയ വിഷമങ്ങൾ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ ശ്രദ്ധിക്കണം. രക്താതിസമ്മർദം ചികിത്സയിലൂടെ നിയന്ത്രണ വിധേയമാക്കേണ്ടതാണ്.
പക്ഷാഘാതം സംഭവിക്കാനുള്ള സാധ്യത പ്രമേഹരോഗികളിൽ കൂടുതലാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സം വരികയോ രക്തക്കുഴലുകൾ പൊട്ടിപ്പോകുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാവുക.
പ്രമേഹം വലിയ രക്തധമനിയെ ബാധിക്കുന്നതിലൂടെയാണ് പക്ഷാഘാതത്തിനു വഴിയൊരുങ്ങുന്നത്.