Site icon Newskerala

ഇത് അതുപോലെ ആകില്ല, കണ്ണന്‍ സ്രാങ്കും ‘മായാവി’യും കസറും; മമ്മൂട്ടി ചിത്രം റീ റിലീസ്

മമ്മൂട്ടിയുടെ നിരവധി ക്ലാസിക് സിനിമകള്‍ റീ റിലീസ് ആയി തിയേറ്ററില്‍ എത്തിയെങ്കിലും നിലംതൊടാതെ പൊട്ടുകയായിരുന്നു. ‘പലേരി മാണിക്യം’, ‘ഒരു വടക്കന്‍ വീരഗാഥ’, ‘വല്യേട്ടന്‍’, ‘ആവനാഴി’ തുടങ്ങിയ കള്‍ട്ട് പദവി നേടിയ സിനിമകള്‍ തിയേറ്ററില്‍ എത്തിയെങ്കിലും വന്‍ പരാജയമാവുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രം ‘സ്ഫടിക’ത്തിന് ലഭിച്ച സ്വീകാര്യത ആയിരുന്നു കൂടുതല്‍ സിനിമകള്‍ റീ റിലീസിന് ഒരുങ്ങാന്‍ കാരണമായത്.
‘രാവണപ്രഭു’, ‘ഛോട്ടാ മുംബൈ’, ‘മണിച്ചിത്രത്താഴ്’ തുടങ്ങിയ സിനിമകള്‍ ഒക്കെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ വന്‍ പരാജയമാണ് മമ്മൂട്ടിയുടെ റീ റിലീസ് സിനിമകള്‍ക്ക് ലഭിച്ചത്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത അമരം തിയേറ്ററുകള്‍ ആളില്ലാത്തതിനാല്‍ ഷോകള്‍ ക്യാന്‍സല്‍ ചെയ്തു. അതിനാല്‍ തന്നെ റീ റിലീസ് ട്രെന്‍ഡ് മാറ്റിപ്പിടിക്കുകയാണ് മമ്മൂട്ടി.

മറ്റൊരു ഹിറ്റ് മമ്മൂട്ടി ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ഷാഫി ഒരുക്കിയ ‘മായാവി’ ആണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. സിനിമയുടെ നിര്‍മാതാക്കളായ വൈശാഖ സിനിമയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 4K ഡോള്‍ബി അറ്റ്‌മോസിലാണ് സിനിമ വീണ്ടുമെത്തുന്നത്. കോമഡി എന്റര്‍ടെയ്ന്‍മെന്റ് ആയ മായാവി റീ റിലീസില്‍ വലിയ കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷ.

നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങള്‍ ഏറ്റുവാങ്ങിയ പരാജയത്തിന് മായാവി മറുപടി നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഷാഫി ഒരുക്കിയ സിനിമയുടെ തിരക്കഥ ഒരുക്കിയത് റാഫി മെക്കാര്‍ട്ടിന്‍ ആയിരുന്നു. സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഗോപിക, സായ്കുമാര്‍ തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്.

Exit mobile version