Spot lightWorld

സ്നാക്ക് കഴിക്കാനായി ആയിരക്കണക്കിനാളുകൾ ഒരുമിച്ചിറങ്ങി, സ്തംഭിച്ചത് മണിക്കൂറുകൾ, പുലിവാലായി ഒരു നഗരം, ട്രെൻഡ് പണിയായതിങ്ങനെ

എന്തെങ്കിലും ഒരു കാര്യം ട്രെൻഡായാൽ പിന്നെ എല്ലാവരും അതിന് പിന്നാലെ ആയിരിക്കും അല്ലേ? അതിപ്പോൾ എവിടെയെങ്കിലും നല്ല ഭക്ഷണം കിട്ടുമെന്ന് റിപ്പോർട്ട് കിട്ടിയാൽ ആരായാലും നേരെ അങ്ങോട്ട് വച്ചുപിടിക്കും. അതുപോലെ ചൈനയിലെ ഒരു ചെറിയ ടൂറിസ്റ്റ് ന​ഗരം ഇപ്പോൾ ആകെ പുലിവാല് പിടിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.  ചൈനയിലെ പുരാതന നഗരമായ കൈഫങ്ങിലെ പ്രശസ്തമായ ഡംപ്ലിങ് സൂപ്പ് കഴിക്കാനായി ആയിരക്കണക്കിന് പേർ ഒന്നിച്ച് സൈക്കിളുമായി ഇറങ്ങിയതോടെയാണ് ന​ഗരം സ്തംഭിച്ചു പോയത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ജെങ്ചൗവില്‍ നിന്നാണത്രെ യുവാക്കൾ സൈക്കിളുമായി ഡംപ്ലിങ് സൂപ്പ് കഴിക്കാനായി ഇറങ്ങിയത്. രാത്രിയിൽ ഇങ്ങനെ സൈക്കിളുമായി ഇറങ്ങുക ഒരു ട്രെൻഡായതോടെ ആയിരക്കണക്കിന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ 50 കിലോമീറ്ററോളം സൈക്കിളും ചവിട്ടിയിറങ്ങി.  അതോടെ ന​ഗരത്തിൽ‌ വൻ ട്രാഫിക് ബ്ലോക്കായി. 100,000 പേർ സൈക്കിളുമായി ഇറങ്ങി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതോടെ വാരാന്ത്യങ്ങളിൽ ചില റൂട്ടുകളൊക്കെ അധികൃതർക്ക് അടച്ചിടേണ്ടതായി പോലും വന്നുവത്രെ. ഈ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പബ്ലിക് ഷെയർ ബൈക്കുകളിലായിരുന്നു എത്തിയത്. കൂടാതെ ഹെനാൻ പ്രവിശ്യയിലൂടെ ഷെങ്‌ഷൗവിലെ കാമ്പസുകളിൽ നിന്ന് കൈഫെങ്ങിലേക്ക് മണിക്കൂറുകളോളം സഞ്ചരിച്ചാണത്രെ ഇവരെത്തിയത്.  വെള്ളിയാഴ്ചത്തെ യാത്രയിൽ ആളുകൾ പരസ്പരം പാട്ടുപാടി ആഹ്ലാദിക്കുന്നതാണ് കണ്ടത്. ‘നൈറ്റ് റൈഡിം​ഗ് ആർമി’ എന്നാണ് ഇങ്ങനെ സൈക്കിളിൽ സഞ്ചരിക്കുന്ന യുവാക്കളെ വിശേഷിപ്പിക്കുന്നതത്രെ.  ജങ്ചൗ യൂണിവേഴ്സിറ്റിയിലെ നാല് വിദ്യാര്‍ത്ഥികളാണ് ഡംപ്ലിങ് സൂപ്പ് ട്രെന്റ് വൈറലാക്കിയത് എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ജൂണില്‍ ഡംപ്ലിങ്ങ് സൂപ്പ് കഴിക്കാന്‍ പോയതിന്റെ പോസ്റ്റ് ഇവര്‍ എക്സില്‍ (ട്വിറ്റർ) പങ്കുവെച്ചിരുന്നു. അതോടെയാണ് ഇത് ട്രെന്‍ഡായി മാറിയത്. പിന്നീട് കൂടുതൽ കൂടുതൽ പേർ ഇത് ഏറ്റെടുക്കുകയായിരുന്നു. എന്തായാലും, ട്രെൻഡ് ന​ഗരം സ്തംഭിക്കുന്നതിലാണ് കലാശിച്ചത്. ഒടുവിൽ ന​ഗരവാസികൾ പൊലീസിൽ പരാതിയും നൽകി.  ഇപ്പോൾ ചൈനയിലെ സാമൂഹികമാധ്യമങ്ങളിലടക്കം വലിയ ചർച്ചയാണ് ഈ ഡംപ്ലിങ്ങ് സൂപ്പും നൈറ്റ് റൈഡിം​ഗ് ആർമ്മിയും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button