Site icon Newskerala

വാട്‌സ്ആപ് ഗ്രൂപ്പ് വഴി പെണ്‍വാണിഭം; ഗുരുവായൂരിൽ മൂന്നുപേര്‍ അറസ്റ്റില്‍

ഗുരുവായൂര്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ മുഖ്യ സൂത്രധാരനടക്കം മൂന്നു പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റുചെയ്തു. പെണ്‍വാണിഭത്തിനായി ഉണ്ടാക്കിയിരുന്ന വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഗുരുവായൂര്‍ കര്‍ണ്ണംകോട്ട് ബസാര്‍ അമ്പാടി വീട്ടില്‍ അജയ് (24), കൂട്ടാളികളായ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം മരോട്ടിക്കല്‍ ഷോജന്‍ (21), പാലക്കാട് പെരിങ്ങോട് ഐനിക്കാട് രഞ്ജിത്ത് (കുട്ടൻ-41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കമീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.സി.പി സി. പ്രേമാനന്ദകൃഷ്ണന്റെ നിർദേശപ്രകാരം ടെമ്പിള്‍ എസ്.എച്ച്.ഒ ജി. അജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റാക്കറ്റിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടികളെ ഓണ്‍ലൈനിലൂടെ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഓരോ ഇടപാടിലും വാട്‌സ്ആപ് അഡ്മിന്‍ അടക്കമുള്ളവര്‍ക്ക് വിഹിതം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഗുരുവായൂരിലെ ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും ഈ സംഘം പ്രവര്‍ത്തിച്ചിരുന്നു. എ.എസ്.ഐമാരായ കെ. സാജന്‍, ജയചന്ദ്രന്‍, സീനിയര്‍ സി.പി.ഒമാരായ എന്‍.പി. സാജന്‍, ഗഗേഷ്, സി.പി.ഒമാരായ സന്ദീപ്, റമീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Exit mobile version