തൃത്താല: തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. തൃത്താല കോട്ടയിൽ അഷ്റഫിന്റെ മകൻ മുഹമ്മദ് ബിലാലി(നാല്)നാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുഞ്ഞിന്റെ മുഖം തെരുവുനായക്കൂട്ടം കടിച്ചുകീറി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിയിൽ ചികിത്സയിലാണ് ബിലാൽ.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ തലയ്ക്കും മുഖത്തുമെല്ലാം കടിയേറ്റിട്ടുണ്ട്. ഉടൻതന്നെ തൃത്താലയിലെ ആശുപത്രിയിലെത്തിക്കുകയും പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലേക്ക് മാറ്റുകയുമായിരുന്നു. ബിലാലിന് വിദഗ്ധ ചികിത്സ നൽകുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ വീടിന് സമീപത്തുള്ള രണ്ട് പേർക്കുകൂടി തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. എല്ലാവരും ചികിത്സയിലാണ്.


