വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാൻ ലൈസൻസ് ഫീസടയ്ക്കണം; നിയമം കൊണ്ടുവന്ന് ആഫ്രിക്കന്‍ രാജ്യം
ഹരാരെ: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാൻ ലൈസൻസ് ഫീസടയ്ക്കണമെന്ന് ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയില്‍ പുതിയ നിയമം. രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഫീസടയ്ക്കുന്നവർക്കാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനാകാനാവുക എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നു. വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുകയാണ് നിയമത്തിന്‍റെ ലക്ഷ്യം എന്ന് റെഗുലേറ്ററി അതോറിറ്റി വിശദീകരിക്കുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് 50 ഡോളർ ആണ് ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. ലൈസൻസ് നൽകുന്നതിന്‍റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങൾ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. നിയമത്തിന് വിമര്‍ശനം ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുക്രമം നിലനിർത്തുന്നതിനും നിയമം നിർണായകമാണെന്നാണ് സർക്കാരിന്‍റെ വാദം. തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ മികച്ച ഉപയോഗത്തിന്‍റെ ആവശ്യകതയെയും കുറിച്ചുമുള്ള ആഗോള ആശങ്കകൾക്കിടയിലാണ് ഈ നിയന്ത്രണമെന്നതും ശ്രദ്ധേയം. എന്നാല്‍ ഓൺലൈൻ സംഭാഷണത്തെ തടസപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്നാണ് വിമർശകർ പറയുന്നത്.