രാജ്യത്തെ ഇരുചക്രവാഹന പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് ബുള്ളറ്റ്. യൂറോപ്യൻ ഇരുചക്ര വാഹനനിർമാതാക്കളായ റോയൽ എൻഫീൽഡ് ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന മോട്ടോവേഴ്സ് 2025ൽ തങ്ങളുടെ പുതിയ ബുള്ളറ്റ് 650 (Royal Enfield Bullet 650) അവതരിപ്പിച്ചു. നേരത്തെ ഇറ്റലിയിലെ മിലാനിൽ വെച്ച് നടന്ന പ്രദർശന മേളയിൽ (EICMA 2025) ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ഈ മോട്ടോർസൈക്കിൾ, എൻഫീൽഡിന്റെ 648 സി.സി പാരലൽ-ട്വിൻ എഞ്ചിനുമായാണ് എത്തുന്നത്. ഇതോടൊപ്പം ബുള്ളറ്റിന്റെ 125-ാം വാർഷിക പതിപ്പും (125th Anniversary Edition) റോയൽ എൻഫീൽഡ് അവതരിപ്പിച്ചു. റോയൽ എൻഫീൽഡ് ബുള്ളറ്റ് 650ന്റെ ഡിസൈൻ പരമ്പരാഗത ബുള്ളറ്റിന്റെ തനത് രൂപഘടകങ്ങൾ പുതിയ മോഡലിലും നില നിർത്തിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. ചെറിയ പൈലറ്റ് ലാമ്പുകളുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, കണ്ണുനീർത്തുള്ളി ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക് എന്നിവ ഇതിലെ പ്രധാന ആകർഷണങ്ങളാണ്. പരമ്പരാഗത ശൈലി നിലനിർത്തുന്നതിനായി, ടാങ്കിൽ കൈകൊണ്ട് വരച്ച പിൻസ്ട്രിപ്പുകളും വിന്റേജ് ലോഗോയും മറ്റ് ഡിസൈൻ ഘടകങ്ങളും നൽകിയിട്ടുണ്ട്. ഇതോടൊപ്പം പുതിയ കളർ സ്കീമുകളും ലഭ്യമാണ്. എൻജിൻ സവിശേഷതകൾ പുതുതായി റോയൽ എൻഫീൽഡ് വിപണിയിൽ അവതരിപ്പിച്ച ബുള്ളറ്റ് 650-യുടെ ഹൃദയമായ 648 സി.സി എയർ-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിൻ അതേ കരുത്തിൽ തുടരുന്നു. ഇത് പരമാവധി 7,250 ആർ.പി.എമിൽ 46 ബി.എച്ച്.പി കരുത്തും 5,650 ആർ.പി.എമിൽ 52 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിച്ച് ഉയർന്ന വേഗത കൈവരിക്കാൻ സഹായിക്കുന്നു. 6-സ്പീഡ് ഗിയർബോക്സുമായാണ് ഈ എൻജിൻ ജോടിയാക്കിയിരിക്കുന്നത്.റോയൽ എൻഫീൽഡിന്റെ മറ്റ് 650 സി.സി മോഡലുകളിൽ ഉപയോഗിക്കുന്ന സ്റ്റീൽ ട്യൂബുലാർ സ്പൈൻ ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് ബുള്ളറ്റ് 650 നിർമ്മിച്ചിരിക്കുന്നത്. 19 ഇഞ്ച് മുൻവശത്തെ ടയറും 18 ഇഞ്ച് പിൻവശത്തുള്ള ടയറും കൂടുതൽ സ്റ്റെബിലിറ്റി നൽകുന്നു. കൂടാതെ മുൻവശത്ത് 43 എം.എം ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്കുകളുമാണ് സസ്പെൻഷൻ ചുമതലകൾ നിർവ്വഹിക്കുന്നത്. എ.ബി.എസ് (ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ബ്രേക്കിങ് സിസ്റ്റത്തിൽ, മുൻവശത്ത് ട്വിൻ-പിസ്റ്റൺ കാലിപ്പറുള്ള 310 എം.എം ഡിസ്‌കും പിൻവശത്തായി സിംഗിൾ-പിസ്റ്റൺ കാലിപ്പറുള്ള 300 എം.എം ഡിസ്‌കും ബ്രേക്കും സജ്ജീകരിച്ചിട്ടുണ്ട്.125-ാം വാർഷിക സ്പെഷ്യൽ എഡിഷൻ ബുള്ളറ്റ് 650-യുടെ 125-ാം വാർഷിക പതിപ്പിന് ‘ഹൈപ്പർഷിഫ്റ്റ്’ (Hypershift) എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഈ സ്പെഷ്യൽ എഡിഷൻ പ്രത്യേക പെയിന്റ് ഫിനിഷിങ്ങിൽ എത്തുന്നു. വെളിച്ചം പതിക്കുന്നതിനനുസരിച്ച് കടും ചുവപ്പ്, ഗോൾഡ് നിറങ്ങൾക്കിടയിൽ ഈ നിറത്തിന് മാറ്റം സംഭവിക്കും. ‘125 വർഷം’ എന്ന ചിഹ്നം പതിപ്പിച്ച ഇന്ധനടാങ്കാണ് ഈ പതിപ്പിന്റെ പ്രധാന ആകർഷണം. വർണ്ണാഭമായ ടാങ്കിന് വിപരീതമായി, മോട്ടോർസൈക്കിളിന്റെ മറ്റ് ഭാഗങ്ങളെല്ലാം കറുപ്പ് നിറത്തിലാണ് നൽകിയിരിക്കുന്നത്. ഇരു മോഡലുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ റോയൽ എൻഫീൽഡ് പിന്നീട് അറിയിക്കും. വാഹനത്തിന്റെ വില വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.


