Site icon Newskerala

സിനിമ മേഖലയിൽ 10 വർഷം തികക്കുന്ന റോഷൻ മാത്യുവിന് ആദരവ്; ‘ചത്ത പച്ച’യിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ ശക്തമായ പ്രകടനങ്ങളോടെ സിനിമ മേഖലയിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുകയാണ് റോഷൻ മാത്യു. ഇപ്പോഴിത ചത്ത പച്ച: ദി റിംഗ് ഓഫ് റൗഡീസിലൂടെ വെട്രി എന്ന കഥാപാത്രമായ് എത്തുകയാണ് താരം. റീൽ വേൾഡ് എൻ്റർടെയ്ൻമെന്‍റിന്‍റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ചത്ത പച്ച. ചിത്രത്തിലെ പ്രധാന കഥാപാത്രമായ റോഷൻ മാത്യുവിൻ്റെ വെട്രിയുടെ ക്യാരക്ടർ പോസ്റ്റർ ടീം പുറത്തുവിട്ടു. സിനിമ മേഖലയിൽ നടന്‍റെ ശ്രദ്ധേയമായ പത്ത് വർഷത്തെ കരിയറിനോടുള്ള ആദരസൂചകമായാണ് ഈ പോസ്റ്റർ റിലീസ് ചെയ്തത്. ആനന്ദം എന്ന സിനിമ മുതൽ കൂടെ, കുരുതി, പാരഡൈസ്, കപ്പേള എന്നിവയെല്ലാം റോഷന്‍റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. തമിഴിൽ വിക്രമിനൊപ്പം കോബ്രയിലും റോഷൻ അഭിനയിച്ചിട്ടുണ്ട്. അനുരാഗ് കശ്യപിൻ്റെ ചോക്ക്ഡ്, നെറ്റ്ഫ്ലിക്സിൻ്റെ ഡാർലിംഗ്‌സ് എന്നിവയിലെ പ്രകടനങ്ങൾ ഹിന്ദിയിലും താരത്തിന്‍റെ മൂല്യം ഉറപ്പിച്ചു. സി യു സൂൺ പോലുള്ള ഒ.ടി.ടി. വിജയങ്ങളും റോഷൻ നേടിയിട്ടുണ്ട്. നവാഗത സംവിധായകൻ അദ്വൈത് നായർ ഒരുക്കുന്ന ചിത്രം ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് അണിയിച്ചൊരുക്കുന്നത്. കേരളത്തിലെ സ്ട്രീറ്റ് കൾച്ചറും റെസ്റ്റ്‌ലിങ് കൾച്ചറും സമന്വയിപ്പിച്ച കഥയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ചത്ത പച്ച. റോഷൻ മാത്യുവിന് പുറമേ അർജുൻ അശോകൻ, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും മലയാളം സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതജ്ഞരായ ശങ്കർ–എഹ്സാൻ–ലോയ് മലയാളത്തിലെ തങ്ങളുടെ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായിരിക്കും ചത്ത പച്ച. പശ്ചാത്തല സംഗീതം ഒരുക്കുന്നത് മുജീബ് മജീദാണ്. അനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കലൈ കിംഗ്സൺ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. തിരക്കഥ സനൂപ് തൈക്കൂടം, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. വിനായക് ശശികുമാറാണ് ഗാനരചയിതാവ്. ഇതിന് പുറമെ ധർമ്മ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെയറർ ഫിലിംസ്, പി.വി.ആർ ഐനോക്സ്, ദി പ്ലോട്ട് പിക്ചേഴ്സ് തുടങ്ങിയ പ്രമുഖ വിതരണ പങ്കാളികൾ ഒന്നിക്കുന്നതോടെ ചത്ത പച്ച വരും വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാകുമെന്നാണ് ആരാധക പ്രതീഷ. 2026 ജനുവരിയിൽ ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും

Exit mobile version