പാലക്കാട് പിടാരി ഡാമിന് സമീപം 21 പ്ലാസ്റ്റിക്ക് കന്നാസ്, ഒളിപ്പിച്ചത് 670 ലിറ്റർ സ്പിരിറ്റ്; അന്വേഷണം തുടങ്ങി
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ വീണ്ടും വൻ സ്പിരിറ്റ് വേട്ട. ചിറ്റൂർ കുന്നം പിടാരി ഡാമിന് സമീപം ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന 670 ലിറ്റർ സ്പിരിറ്റ് എക്സൈസ് കണ്ടെടുത്തു. 35 ലിറ്റർ കൊള്ളുന്ന 21 പ്ലാസ്റ്റിക് കന്നാസുകളിലായാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.രജനീഷിൻറെ നേതൃത്വത്തിൽ കെമു പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഡാമിന് സമീപം ഒളിപ്പിച്ച് വെച്ച സ്പിരറ്റ് ശേഖരം കണ്ടെത്തിയത്. പ്രതിയ്ക്കായുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രദേശത്ത് എക്സൈസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും ചിറ്റൂരിൽ നിന്നും എക്സൈസ് തെങ്ങിൻതോപ്പിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം പിടികൂടിയിരുന്നു. ചിറ്റൂർ കോഴിപ്പതിയിലുള്ള നാരായണ സ്വാമി കൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻതോപ്പിലുള്ള കെട്ടിടത്തിലാണ് 39 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 1326 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. സംഭവത്തിൽ ചിറ്റൂർ സ്വദേശിയായ മുരളി (50) ആണ് അറസ്റ്റിലായത്. അതേസമയം പിടാരി ഡാമിന് സമീപം ഇന്ന് പിടികൂടിയ സ്പിരിറ്റ് ആരുടേതാണെന്ന് എക്സൈസിന് കണ്ടെത്താനായിട്ടില്ല. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എക്സൈസ് അറിയിച്ചു. ചിറ്റൂർ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ സുഭാഷ്.സി, പി.ടി.പ്രീജു, സിവിൽ എക്സൈസ് ഓഫീസർ നിഷാദ്.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ്, കെമു ഡ്യൂട്ടിക്കാരായ പ്രിവന്റീവ് ഓഫീസർ എം.എ.പ്രതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രമേഷ് കുമാർ.സി, സുമേഷ്.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുജീബ് റഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് പിടകൂടിയത്.