രാത്രി 10മണിയോടെ ആയുധങ്ങളും വടികളുമായെത്തി, കൂടോത്രം ചെയ്തെന്നാരോപിച്ച് 45കാരിയെ ജീവനോടെ ചുട്ടുകൊന്നു
ഹൈദരബാദ്: ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വച്ചുകൊന്ന് നാട്ടുകാർ. ഹൈദരബാദിന് സമീപമുള്ള മേഡകിലാണ് സംഭവം. ദ്യാഗല മുത്തവ്വ എന്ന 45കാരിയേയാണ് ഏഴിലധികം പേർ ചേർന്ന് ജീവനോടെ ചുട്ടുകൊന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. മേഡക് ജില്ലാ തലസ്ഥാനത്ത് നിന്നും ഏറെ ദൂരെ അല്ലാതെയുള്ള രാമായംപേട്ട് മണ്ഡലിലെ കാട്രിയാൽ ഗ്രാമത്തിലാണ് വ്യാഴാഴ്ച വൈകുന്നേരം അതിക്രൂരമായ സംഭവം നടന്നത്. രാത്രി പത്ത് മണിയോടെ നാട്ടുകാരായ അക്രമികൾ 45കാരിയുടെ വീട്ടിലേക്കെത്തി അക്രമികൾ ഇവരെ കമ്പുകൾകൊണ്ട് ആക്രമിച്ചും. പിന്നാലെ വീട്ടിന് അകത്താക്കി പൂട്ടിയ ശേഷം പെട്രോൾ ഒഴിച്ച് വീടിന് തീ വയ്ക്കുകയായിരുന്നു. വീടിന് പുറത്തേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു വീടിയന് തീയിട്ടത്. ആൾക്കൂട്ടം ഭാര്യയെ ആക്രമിക്കുന്നത് കണ്ടതോടെ ഇവരുടെ ഭർത്താവ് ആക്രമണം ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന് തീ പിടിച്ച് ഇവർ എരിഞ്ഞ് ചാവുന്നത് അക്രമികൾ നോക്കി നിന്നതായാണ് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ പൊലീസാണ് മാരക പൊള്ളലേറ്റ 45കാരിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. സെക്കന്ദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. ഗ്രാമത്തിലെ ഒരു യുവാവാണ് അക്രമത്തിലെ പ്രധാനിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുരളിയുടെ അമ്മയ്ക്കെതിരായി ഇവർ കൂടോത്രം ചെയ്തെന്ന സംശയത്തിലാണ് 45കാരിയെ ആക്രമിച്ചതെന്നാണ് സൂചന. ഇവരെ ആക്രമിച്ചവരിൽ സ്ത്രീകളടക്കമുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. 45കാരിയുടെ ഭർത്താവ് ബാലയ്യയുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകം, അതിക്രമിച്ച് കടക്കൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പൊലീസ് അക്രമികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അടുത്ത കാലത്തായി സമാനമായ രീതിയിലുള്ള സംഭവങ്ങൾ തെലങ്കാനയിൽ ആവർത്തിക്കുന്നതായാണ് കണക്കുകൾ. സെപ്തംബർ 26 ഒരു പുരുഷനും സെപ്തംബർ 2ന് 65വയസുള്ള വൃദ്ധനെ കൊലപ്പെടുത്തുകയും രണ്ട് സ്ത്രീകളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തതായും പരാതി ഉയർന്നിരുന്നു.