Site icon Newskerala

മലപ്പുറത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ വിറ്റ് സമ്പാദിച്ചത് രണ്ട് ഫൈവ് സ്റ്റാർ ബാറുകൾ, വിദേശത്ത് അപാര്‍ട്മെന്റുകള്‍; മാഫിയയെ പൂട്ടി പോലീസ്

മലപ്പുറം: വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയയെ പൂട്ടി പൊന്നാനി പൊലീസ്. 20ല്‍ അധികം സര്‍വകലാശാലകളുടെ നൂറോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും അടക്കം പിടിച്ചെടുത്തവയില്‍ പെടുന്നു. അന്വേഷണത്തിന്റെ പലഘട്ടങ്ങളിലായി പത്തുപേരെ അറസ്റ്റ് ചെയ്തു. പൊന്നാനിയിലെ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ കുടുങ്ങിയത്. കേസിലെ പ്രധാനി ഡാനി എന്ന ധനീഷ് വ്യാജ സർട്ടിഫിക്കറ്റുകൾ വിറ്റ് സമ്പാദിച്ചത് 2 ഫൈവ് സ്റ്റാർ ബാറുകൾ, വിദേശത്ത് അപ്പാർട്ട്മെൻ്റുകളും.പൊന്നാനി സിവി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് കേരളത്തിനു പുറത്തെ വിവിധ സര്‍വകലാശാലകളുടെ നൂറിലധികം വ്യാജ സര്‍ട്ടിഫിക്കറ്റുകളും വ്യാജ മാര്‍ക്ക് ലിസ്റ്റുകളും കണ്ടെത്തിയത്. കൊറിയര്‍ വഴി വിതരണത്തിനായി എത്തിയതായിരുന്നു ഇവ. തുടര്‍ന്ന് സ്ഥാപനം നടത്തുന്ന പൊന്നാനി പോത്തനൂര്‍ സ്വദേശി ഇര്‍ഷാദിനെയും വിതരണത്തിനായി വേണ്ട സഹായം ചെയ്ത തിരൂര്‍ പുറത്തൂര്‍ സ്വദേശി രാഹുലിനെയും പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. യൂണിവേഴേ്‌സിറ്റികളുടെ പേരിലുള്ള മാര്‍ക്ക് ലിസ്റ്റുകള്‍, കോണ്‍ടക്ട് സര്‍ട്ടിഫിക്കറ്റുകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍, റെക്കമെന്റ്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയാണ് ഇവരില്‍ നിന്നും കണ്ടെത്തിയിരുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് തിരുവനന്തപുരം സ്വദേശിയായ ജസീമാണ് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചു തരുന്നതെന്ന് ബോധ്യമായി. എന്നാല്‍, പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ ജസീം നാടുവിട്ട് ഒളിവില്‍ പോയി. വിപുലമായ അന്വേഷണത്തിനൊടുവില്‍ ബംഗളൂരുവിലെ ഒളിസങ്കേതത്തില്‍ നിന്ന് ജസീമിനെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലും വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയാണ് ജസീം. ചോദ്യം ചെയ്യലില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്ന ഡാനി എന്ന സംഘത്തലവനെ കുറിച്ച് വിവരം ലഭിച്ചു. യഥാര്‍ത്ഥ ചിത്രമോ മേല്‍വിലാസമോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഡാനി മലയാളിയാണെന്ന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ് ശിവകാശിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം റെയ്ഡ് ചെയ്തത്. ഒരു ലക്ഷത്തിലധികം വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടേ മുദ്രയോട് കൂടിയ സര്‍ട്ടിഫിക്കറ്റ് പേപ്പറുകളും ഹോളോഗ്രാം സീലുകളും വൈസ് ചാന്‍സിലര്‍ സീലുകളും അത്യാധുനിക രീതിയില്‍ ഉള്ള കമ്പ്യൂട്ടറുകളും പ്രിന്ററും ഇവിടെ നിന്ന് പിടിച്ചെടുത്തു.ഒരാളില്‍ നിന്ന് 75,000 രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെ ഈടാക്കിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇതുമായി വിദേശത്തു നിരവധി ആളുകള്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് ചേര്‍ന്നതായും പല വിദേശ എംബസികളിലും ഇവരുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്തിട്ടുള്ളതായും വിവരം.

Exit mobile version