ന്യൂഡൽഹി: എട്ടുപേരുടെ ജീവനെടുത്ത ഡൽഹി ഹൃദയഭാഗത്തെ സ്ഫോടനത്തിൽ നടുക്കം മാറാതെ രാജ്യം. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കാർ ഉടമ പുൽവാമ സ്വദേശിയെന്ന് സൂചന ലഭിച്ചതായി പൊലീസ്. സ്ഫോടനത്തിൽ യുഎപിഎ കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഫോറൻസിക് സാമ്പിളുകൾ കാത്ത് അന്വേഷണ സംഘം. കാറിന്റെ നിലവിലെ ഉടമ പുൽവാമ സ്വദേശി എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂർ നിർത്തിയിട്ടതായും തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നും വിവരം. മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടത് ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെ എന്ന് പൊലീസ് നിഗമനം.അതേസമയം, സാമ്പിളുകളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ എന്താണ് സ്ഫോടന കാരണമെന്ന് മനസിലാകു എന്നതാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. സ്ഫോടനത്തിൽ ഇതുവരെ എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. 20ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൽ കാറുടമയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിൻ്റെ ഉടമയായ സൽമാൻ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. താൻ മറ്റൊരാൾക്ക് വിറ്റ വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇയാളുടെ മൊഴി.സൽമാന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം ആർക്കാണ് വിറ്റതെന്നും എന്തുകൊണ്ട് ആർസി ഉടമയുടെ പേര് മാറ്റിയില്ലെന്നും ആരൊക്കെ വാഹനത്തിലുണ്ടായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ഇന്ന് അടച്ചിടും. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗെയ്റ്റുകൾ തുറക്കില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് നോർത്ത് ഡിസിപി രാജ ബന്തിയ പറഞ്ഞു. ഈ ഘട്ടത്തിൽ എല്ലാ വിശദാംശങ്ങളും പങ്കിടാൻ കഴിയില്ലെന്നും ഒരു നിഗമനത്തിലെത്തിയാൽ അറിയിക്കാമെന്നും ഡിസിപി. കാർ ഡൽഹിയിലേക്ക് കടന്നത് ബദർപൂർ ബോർഡർ വഴിയെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഹോട്ടലുകളിൽ പോലീസ് പരിശോധന നടത്തുന്നു.


