Site icon Newskerala

കടുത്ത പട്ടിണിയിൽ ഉഗാണ്ട; വിശപ്പ് സഹിക്കാനാവാതെ ജീവനുള്ള ചിതലുകളെ തിന്നുന്ന കുഞ്ഞുങ്ങൾ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കം‌പാല: ഗുരുതരമായ ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യമാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ട. 2024 ലെ ആഗോള വിശപ്പ് സൂചിക പ്രകാരം ഉഗാണ്ടയുടെ ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ നിലവാരം ഗുരുതരമായി തുടരുകയാണ്. 2022 ലെ ഉഗാണ്ട ഡെമോഗ്രാഫിക് ആൻഡ് ഹെൽത്ത് സർവേ പ്രകാരം, ഉഗാണ്ടയിലെ നാലിൽ ഒരു കുട്ടിക്ക് പ്രായത്തിന് അനുസരിച്ച് വളര്‍ച്ചയില്ല. വിശപ്പ് സഹിക്കാനാവാതെ ജീവനുള്ള ചിതലുകളെ തിന്നുന്ന കുഞ്ഞുങ്ങളുടെ വീഡിയോ ഉഗാണ്ടയിലെ പട്ടിണിയുടെ ഭീകരമായ യാഥാര്‍ഥ്യത്തെക്കുറിച്ചാണ് ലോകത്തിന് കാണിച്ചുതരുന്നത്. ജീവനുള്ള ചിതലുകൾ നിറച്ച ഒരു പ്ലേറ്റ് മേശപ്പുറത്ത് വച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. രണ്ട് കുട്ടികൾ പ്ലേറ്റിൽ നിന്നും ഓരോ പിടി വാരി വായിലേക്കിടുകയാണ്. രുചികരമായ എന്തോ ഭക്ഷണം കഴിക്കുന്നതുപോലെയാണ് കുട്ടികൾ ഇത് കഴിക്കുന്നത്. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപക വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. അതിജീവനത്തിനായി കുഞ്ഞുങ്ങളെ പ്രാണികളെ കഴിക്കാൻ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ആളുകൾ ദുഃഖം പ്രകടിപ്പിച്ചു. നിരവധി പേര്‍ കുട്ടികൾക്ക് ഉടനടി സഹായമെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. വികസ്വര രാജ്യങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ആഗോള അസമത്വത്തിന്‍റെയും ഭക്ഷ്യ പ്രതിസന്ധിയുടെയും വ്യക്തമായ ഓർമ്മപ്പെടുത്തലാണ് ഇത്തരം ദൃശ്യങ്ങളെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.എന്നാൽ പ്രോട്ടീൻ സമ്പുഷ്ടമായതുകൊണ്ടും പോഷകമൂല്യം കൊണ്ടും ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ചിതലുകൾ പലപ്പോഴും കഴിക്കാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണ മാംസത്തിൽ കാണപ്പെടുന്നതിനേക്കാൾ ഇരട്ടി പ്രോട്ടീൻ ചിതലിൽ അടങ്ങിയിട്ടുണ്ട്, കൂടാതെ ഇരുമ്പും അമിനോ ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version