Site icon Newskerala

വി.ബി ജി റാം ജി ബില്ല് ലോക്സഭ പാസാക്കി; ബില്ല് വലിച്ചുകീറി എറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി.ബി ജി റാം ജി(വികസിത് ഭാരത്-ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺ)ബില്ല് ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ മറികടന്നാണ് ലോക്സഭയിൽ ബില്ല് പാസാക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചു കീറിയെറിഞ്ഞു.സ്പീക്കർ ഓം ബിർള വിളിച്ചു ചേർത്ത ലോക്സഭയുടെ കാര്യോപദേശക സമിതി യോഗത്തിൽ മുഴുവൻ പ്രതിപക്ഷ കക്ഷികളും ഇരു ബില്ലുകളും ജെ.പി.സിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന് തയാറല്ലെന്നും ഏതു നിലക്കും ഈ സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കും എന്നുമുള്ള നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. മുമ്പ് കോൺഗ്രസ് ഓരോ നിയമങ്ങൾക്കും നെഹ്റുവിന്റെ പേരു മാത്രമാണ് നൽകിയിരുന്നതെന്നും അവരാണ് ഇപ്പോൾ പുതിയ ബില്ലിനെ ചോദ്യം ചെയ്യുന്നതെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ വിമർശിച്ചു. ലോക്സഭയിൽ പാസാക്കിയ ബില്ല് രാജ്യസഭയിൽ വെച്ചിരിക്കുകയാണ്. തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റുന്നത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ബില്ല് സംസ്ഥാനങ്ങൾക്ക് കൂടുതൽ ബാധ്യതയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. നേരത്തേ തൊഴിലുറപ്പ് പദ്ധതിയുടെ നൂറുശതമാനം വിഹിതവും നൽകിയിരുന്നത് കേന്ദ്രസർക്കാറായിരുന്നു. എന്നാൽ പുതിയ ബില്ലിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും ജമ്മുകശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കും 10 ശതമാനവും മറ്റ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 40 ശതമാനവും ബാധ്യത വരും. അതുപോലെ തൊഴിലുറപ്പു ദിനങ്ങളുടെ എണ്ണം നൂറിൽ നിന്ന് 125 ആയി ഉയർത്തിയിട്ടുമുണ്ട്. പദ്ധതിക്കായി അംഗീകരിച്ച തൊഴിലുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ തൊഴിലുറപ്പു പദ്ധതി അടിമുടി പൊളിച്ചെഴുതുന്നതാണ് പുതിയ ബില്ല്. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കർഷക തൊഴിലാളി യൂനിയനുകളുടെ തീരുമാനം.

Exit mobile version