Site icon Newskerala

ലോകക്ക് ശേഷം ഞങ്ങൾ പുറത്തിറങ്ങാൻ പേടിച്ചിരുന്നു’ വെളി​പ്പെടുത്തലുമായി കല്യാണി പ്രിയദർശൻ

‘​ലോക’ സിനിമയുടെ റിലീസിന് മുമ്പ് പുറത്തിറങ്ങാൻ താനും നസ്ലിനും ഭയപ്പെട്ടിരുന്നതായി നടി കല്യാണി പ്രിയദർശൻ. സാധാരണ രീതിയിൽ കണ്ട് വരുന്ന മലയാള സിനിമയിൽ നിന്നും വ്യത്യസ്തമായ കഥയാണ് ലോക പറയുന്നത്. ഇത് പ്രേക്ഷകർ എങ്ങനെ ഏറ്റെടുക്കും എന്നതിനെ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. പേടി കാരണം സഹനടൻ നെസ്ലിനടക്കം എല്ലാവരും പുറത്തിറങ്ങാൻ പോലും പേടിച്ചിരുന്നു. റിലീസിന്റെ അന്നു വരെ വളരെയധികം പേടിച്ചിരുന്നു. ആളുകൾ എന്തെങ്കിലും കുറ്റം പറഞ്ഞാലോ എന്ന് പേടിച്ച് ഞാനും നെസ്ലിനും ഞങ്ങളുടെ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ഏകദേശം മൂന്ന് മണിയായതോടെ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണങ്ങൾ വന്നതോടെയാണ് ഞങ്ങൾ രണ്ട് പേരും ഫോൺവിളിച്ച് ‘ഇനി നമുക്ക് പുറത്തിറങ്ങാം’ എന്ന് പറഞ്ഞത്.ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ റൗണ്ട് ടേബിളിലാണ് ലോകയിലെ അഭിനയ യാത്രയെ കുറിച്ച് നടി സംസാരിച്ചത്. ലോകയിലെ കഥാപാത്രം ഏറ്റെടുക്കാൻ എങ്ങനെയാണ് ധൈര്യം വന്നതെന്ന ചോദ്യത്തിന് സംവിധായകൻ ഡൊമിനിക് അരുണിനാണ് മുഴുവൻ ക്രെഡിറ്റെന്ന് കല്യാണി പറഞ്ഞു. സംവിധായകന്റെ തീരുമാനത്തിലാണ് സിനമയിലെ മൊത്തം ആളുകളും വിശ്വാസമർപ്പിച്ചത്. സിനിമയിൽ സംവിധായകൻ ഡൊമിനികും സിനിമാറ്റോഗ്രാഫർ നിമിഷ് രവിയും നല്ല രീതിയിൽ ഒരുമിച്ച് പ്രവർത്തിച്ചുവെന്നും നടി പറഞ്ഞു. സിനിമ ചിത്രീകരണം നടക്കുമ്പോഴും തനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ നമ്മൾ ഒരു സിനിമയിൽ ഭാഗമായി കഴിഞ്ഞാൽ അത്തരം സംശയങ്ങൾ മാറ്റിവെക്കണമെന്നും കല്യാണി പറഞ്ഞു. തന്നെ ലോക സിനിമ ചെയ്യാൻ ​പ്രേരിപ്പിച്ചത് ബേസിലാണെന്നും കല്യാണി പറഞ്ഞു. തുടക്കത്തിൽ സിനിമയിലെ നായകന്റെ വേഷം ചെയ്യാനിരുന്നത് ബേസിൽ ജോസഫായിരുന്നു. വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് ‘ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റാണിത്. ഇതുവരെ 300 കോടി കലക്ഷനാണ് ആഗോള ബോക്സ് ഓഫിസിൽ നിന്നും ലോക നേടിയിരിക്കുന്നത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങള്‍ ഉള്ള വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ബിഗ് ബജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും നിർണായക വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Exit mobile version