തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഈ മാസത്തെ ക്ഷേമ പെൻഷൻ നേരത്തേ നൽകാൻ ഉത്തരവിറക്കി സർക്കാർ. ഈ മാസം 15 മുതൽ ക്ഷേമ പെൻഷൻ നൽകാനാണ് തീരുമാനം. വർധിപ്പിച്ച തുകയായ 2000 രൂപ വീതം ഉപയോക്താക്കൾ ലഭിക്കും. അതിനായി 1045 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയത്.നിലവിൽ 62 ലക്ഷം പേരാണ് ക്ഷേമ പെൻഷന്റെ ഗുണഭോക്താക്കൾ. അതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക നേരിട്ട് എത്തും. ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. നേരത്തേ ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ ഒരുമാസം 900 കോടി രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപ കൂടി കൂട്ടിയ സാഹചര്യത്തിൽ ഇനി മുതൽ 1050 കോടി രൂപ വേണം. നേരത്തേ 1600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. അതാണ് 2000 രൂപയാക്കി വർധിപ്പിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു സർക്കാറിന്റെ പ്രഖ്യാപനം. ക്ഷേമ പെൻഷനിൽ 400 രൂപ വർധന വരുത്തിയ ഇനത്തിൽ പ്രതിമാസം 1050 കോടിയോളം രൂപയാണ് അധിക ബാധ്യത. പ്രതിവര്‍ഷം 13,000 കോടിയോളം രൂപ ഇതിനായി വകയിരുത്തണം.


