വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ ടേക്ക് ഓഫും ലാന്റിങ്ങും മാത്രമായിരിക്കും പൊതുവേയുള്ള പ്രയാസങ്ങൾ. എന്നാൽ പതിവായി പറക്കുന്നവർക്ക് ഇത്തരം പ്രയാസങ്ങൾ പോലും ഉണ്ടാവില്ല. ടേക്ക് ഓഫിലും ലാൻഡിങ്ങിലും ചില താൽക്കാലിക വിറയലുകൾ ഒഴികെ മുഴുവൻ യാത്രയും ഒരു സുഗമമായ യാത്ര പോലെയാണ് അനുഭവപ്പെടാറ്. എന്നാൽ ഭൂമിയുടെ പ്രതലത്തിൽ നിന്നും മാറി ഉയർന്ന വിതാനത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യുന്നത് നമ്മുടെ ശരീരത്തെ ബാധിക്കാനിടയുണ്ടെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ക്യാബിനിലെ മർദം കുറയുക, ഓക്സിജന്റെ അളവ് കുറയുക, വരണ്ട വായു എന്നിവ ഹൃദയത്തിന്റെ പ്രവർത്തനങ്ങളിൽ സമ്മർദം ചെലുത്തുമെന്നാണ് കാർഡിയോളജി വിഭാഗം ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. വിമാനത്തിൽ പറക്കുമ്പോൾ നിങ്ങളുടെ ഹൃദയം കഠിനമായി പ്രവർത്തിക്കും, രക്തം ചെറിയ തോതിൽ ഘനീഭവിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചലനശേഷി കുറക്കുകയും ചെയ്യും. ഇത്തരം കാരണങ്ങൾ കൊണ്ട് നിരവധി ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിമാനയാത്രയിൽ ഹൃദയത്തിന് എന്ത് സംഭവിക്കുന്നു?മർദത്തിലും ഓക്സിജനിലും സംഭവിക്കുന്ന മാറ്റങ്ങൾ: വിമാന ക്യാബിനുകളിലെ മർദത്തിലുണ്ടാകുന്ന മാറ്റങ്ങൾ രക്തത്തിലെ ഓക്സിജന്റെ അളവിനെ ബാധിക്കും. ഓക്സിജൻ കുറയുമ്പോൾ ഹൃദയമിടിപ്പ് വർധിക്കും.വരണ്ട വായുവും നിർജ്ജലീകരണവും: ക്യാബിനിൽ പൊതുവേ ഈർപ്പം വളരെ കുറവാണ്. വിമാനത്തിലെ വരണ്ട വായു ശ്വസിക്കുന്നത് നിർജലീകരണത്തിന് കാരണമാകും. ഇത് രക്തം ചെറിയ തോതിൽ കട്ടിയാക്കുകയും രക്തയോട്ടത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യും. നിർജ്ജലീകരണം സംഭവിച്ച രക്തം ഹൃദയത്തിന്റെ ജോലി കൂടുതൽ കഠിനമാക്കുകയും ചെയ്യും.ചലനശേഷി പരിമിതപ്പെടുക: ദീർഘനേരം ഇരിക്കുന്നത് കാലുകളുടെ ചലനം കുറക്കുകയും രക്തയോട്ടം മന്ദഗതിയിലാക്കുകയും അവയവങ്ങളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഇത് ഡീപ് വെയിൽ ത്രോംബോസിസ് (ഡി.വി.ടി) അല്ലെങ്കിൽ ശ്വാസകോശത്തിലേക്കോ ഹൃദയത്തിലേക്കോ സഞ്ചരിക്കുന്ന രക്തം കട്ടപിടിക്കാനുള്ള സാധ്യതയേറ്റും. മനസ്സമ്മർദം: മിക്ക യാത്രകളും സമ്മർദം, ഉത്കണ്ഠ, ഉറക്കത്തിലെ മാറ്റങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ടാണ്. ഇവയെല്ലാം ഹൃദയമിടിപ്പും രക്തസമ്മർദവും വർധിക്കാനും കാരണമാകും. ആർക്കാണ് കൂടുതൽ അപകടസാധ്യത?ആരോഗ്യമുള്ള പല യാത്രക്കാർക്കും വിമാനയാത്ര നന്നായി അനുഭവിക്കാൻ കഴിയും. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഹൃദയാഘാതം, ഹൃദയ ശസ്ത്രക്രിയ, ഹൃദയസ്തംഭനം, വാൽവുലാർ രോഗം, പൾമിനറി ഹൈപ്പർടെൻഷൻ എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. കൂടാതെ, ദീർഘദൂര വിമാനങ്ങളിൽ മണിക്കൂറുകളോളം ചലനരഹിതമായി തുടരുന്ന യാത്രക്കാരും ശ്രദ്ധിക്കണം.വിമാനയാത്രയിൽ ഹൃദയത്തെ എങ്ങനെ സംരക്ഷിക്കാം?വിമാനയാത്രക്ക് മുമ്പും യാത്രക്കിടയിലും നന്നായി വെള്ളം കുടിക്കുക.യാത്രയിൽ മദ്യവും കാപ്പിയും ഒഴിവാക്കുക. ഇവ രക്തത്തെ നിർജ്ജലീകരണം ചെയ്യുകയും കട്ടിയാക്കുകയും ചെയ്യും.ഓരോ മണിക്കൂറിലും എഴുന്നേറ്റു നിൽക്കുകയും ഇടനാഴിലൂടെ ചെറിയ രീതിയിൽ നടക്കാനും ശ്രമിക്കുക. ദീർഘദൂര യാത്രയിൽ കാലിന്റെയും കണങ്കാലിന്റെയും ലളിതമായ ചലനങ്ങൾ പോലും പ്രധാനമാണ്. ദീർഘദൂര വിമാനയാത്രക്കാർക്ക്, പ്രത്യേകിച്ച് ഡി.വി.ടി സാധ്യതയുള്ളവർക്ക് കാലിലെ രക്തയോട്ടത്തെ സഹായിക്കുന്ന കംപ്രഷൻ സ്റ്റോക്കിംങ്സ് ധരിക്കാവുന്നതാണ്.ഹൃദയ സംബന്ധമായ അസുഖമുണ്ടെങ്കിൽ പറക്കുന്നതിന് മുമ്പ് നിങ്ങളുടെ കാർഡിയോളജിസ്റ്റിനെ സമീപിക്കുക. യാത്രക്കിടയിൽ ഉപയോഗിക്കേണ്ട അത്യാവശ്യ മരുന്നുകൾ കൈയിൽ സൂക്ഷിക്കുക.


