Site icon Newskerala

പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതിയുടെ മറവിൽ 1.45 കോടി തട്ടി; യുവതി അറസ്റ്റിൽ

മംഗളൂരു: പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതി (പിഎംഇജിപി) പ്രകാരം സർക്കാർ സബ്‌സിഡി വായ്പ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് പേരിൽ നിന്ന് 1.45 കോടിയിലധികം രൂപ തട്ടിയ യുവതി അറസ്റ്റിൽ. കർണാടകയിലെ ബ്രഹ്മാവർ യദ്ദാഡി ഗ്രാമത്തിലെ ഹെറാഡിയിൽ താമസിക്കുന്ന സരിത ലൂയിസ് സമർപ്പിച്ച പരാതിയിൽ കൗസല്യ (40) എന്ന യുവതിയാണ് പിടിയിലായത്. 2023 നവംബറിൽ ബന്ധുവായ അഞ്ജലിൻ ഡിസിൽവ വഴിയാണ് സരിത കൗസല്യയെ പരിചയപ്പെട്ടത്. തുടക്കത്തിൽ മടിച്ചെങ്കിലും പിഎംഇജിപി സബ്‌സിഡി വായ്പ സംഘടിപ്പിക്കാമെന്ന് കൗസല്യ സരിതയെ വിശ്വസിപ്പിച്ചു. വായ്പാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങൾ പറഞ്ഞ് കൗസല്യ പണം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. സരിത നൽകിയ ഉറപ്പുകൾ വിശ്വസിച്ച് ഇവരുടെ ഭർത്താവ് സന്ദേശ്, പ്രകാശ്, ആശിഷ് ഷെട്ടി, രാജേന്ദ്ര ബൈന്ദൂർ, ഗീത, ഹരിണി, നവ്യ, കുമാർ, മാലതി, പ്രവീൺ, ഹരിപ്രസാദ്, നാഗരാജ്, ഭാരതി സിങ് എന്നിവർക്കും കൗസല്യയുടെ അക്കൗണ്ടിലേക്കും പണം കൈമാറി. പരാതിക്കാരി ആകെ 80.72 ലക്ഷം രൂപയാണ് കൈമാറിയത്. സരിതയുടെ ബന്ധുവായ അഞ്ജലിൻ ഡിസിൽവയ്ക്കും കൗസല്യ പിഎംഇജിപി സബ്സിഡി വായ്പാ വാഗ്ദാനം ചെയ്യുകയും പല ഗഡുക്കളായി 65 ലക്ഷം രൂപ തട്ടുകയും ചെയ്തു. ഇങ്ങനെ പരാതിക്കാരിയിൽ നിന്നും ബന്ധുവിൽ നിന്നും 1,45,72,000 രൂപയാണ് കൗസല്യ തട്ടിയെടുത്തത്. പരാതിയിൽ ബ്രഹ്മാവർ പൊലീസ് കൗസല്യക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Exit mobile version