ആശുപത്രികളിൽ കറങ്ങിനടന്ന് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും പണം അപഹരിക്കുന്ന സത്രീ പിടിയിൽ. കോഴഞ്ചേരി താലൂക്കിൽ ആറന്മുള പുതുവേലിൽ വീട്ടിൽ ബിന്ദു രാജിനെയാണ് (41) കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14ന് , ഉത്രാട ദിവസമാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. കോന്നിയിലെ ബിലീവേഴ്സ് ഹോസ്പിറ്റലിൽ നിന്നും രോഗിയുടെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇവിടെ ചികിത്സയ്ക്ക് എത്തിയ പയ്യനാമൺ സ്വദേശി ഏലിയാമയുടെ (65 ) ബാഗിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ മോഷ്ടിച്ചു പ്രതി കടന്നുകളയുകയായിരുന്നു.
സംഭവം നടന്ന ദിവസം ഉച്ചയോടെയാണ് പ്രതി ആശുപത്രിയിലെത്തുന്നത്. ആശുപത്രിയിലെ പല നിലകളിലും കറങ്ങിനടന്ന പ്രതി പിന്നീട് റൂമുകളിൽ കയറി പരിശോധന നടത്തി. ഉത്രാട ദിവസമായതിനാൽ ആശുപത്രിയിൽ ആൾ കുറവായിരുന്നു. സ്ത്രീ കറങ്ങിനടക്കുന്നത് കണ്ട് ആർക്കും സംശയം തോന്നിയതുമില്ല. പിന്നീടാണ് ഡയാലിസിസ് യൂണിറ്റ് സമീപമിരുന്ന ഏലിയാമയുടെ ബാഗിൽനിന്നും പണം മോഷ്ടിച്ച് കടന്നു കളഞ്ഞത്.പരാതിയുടെ അടിസ്ഥാനത്തിൽ മോഷണകേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കോന്നി പൊലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും മറ്റു പരിശോധിച്ചു. ആളെ തിരച്ചറിയാതിരിക്കാനായി മാസ്കും കയ്യുറയും ധരിച്ചാണ് പ്രതി മോഷണം നടത്തിയത്. തുടർന്ന് പ്രതി മോഷണത്തിനായി വന്ന വാഹനം കണ്ടെത്തുകയും പ്രതിയെ പിടി കൂടികയുമായിരുന്നു.പരസ്യം ചെയ്യൽപ്രതിയുടെ പേരിൽ സമാനമായ മോഷണ കേസുകൾ ആറന്മുള, തിരുവല്ല, പത്തനംതിട്ട എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.മോഷണ വസ്തുക്കളും മോഷണത്തിനുപയോഗിച്ച വാഹനവും പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.ഡി.വൈ.എസ്.പി രാജപ്പൻ റാവുത്തർ, സിഐ ശ്രീജിത്ത്.പി, എസ്.ഐ വിമൽ രംഗനാഥൻ, സിപിഒ മാരായ റോയി, പ്രവീൺ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.