വീടുവിട്ടോടി സ്ത്രീ, വീടിന് ചുറ്റും പത്തുനൂറു റാക്കൂണുകൾ, പുറത്തിറങ്ങിയാൽ അപ്പോൾ പൊതിയും
വാഷിംഗ്ടണിലെ കിറ്റ്സാപ്പ് കൗണ്ടിയിൽ പൊലീസിന് മൃഗങ്ങളെച്ചൊല്ലി നിരവധി പരാതികൾ ലഭിക്കാറുണ്ട്. അതിൽ കന്നുകാലികളെ കുറിച്ചും നായകളെ കുറിച്ചും ഒക്കെയുള്ള പരാതികൾ പെടുന്നു. എന്നാൽ, കഴിഞ്ഞ ദിവസം എമർജൻസി നമ്പറായ 911 -ലേക്ക് വളരെ വ്യത്യസ്തമായ ഒരു കോൾ എത്തി. വിളിച്ചത് റാക്കൂണുകളെ കൊണ്ട് പൊറുതിമുട്ടിയ ഒരു സ്ത്രീയാണ്. പോൾസ്‌ബോയ്‌ക്ക് സമീപമുള്ള അവരുടെ വീടിന് ചുറ്റും ഡസൻ കണക്കിന് റാക്കൂണുകൾ ചുറ്റിനടക്കുന്നുവെന്നും അവയുടെ ശല്ല്യം സഹിക്കാൻ വയ്യ എന്നുമായിരുന്നു പരാതി. 50 മുതൽ 100 വരെ റാക്കൂണുകൾ ഇവിടെയുണ്ട് എന്നും അവ അക്രമണാത്മകമായിട്ടാണ് പെരുമാറുന്നത് എന്നും കൂടി വിളിച്ച സ്ത്രീ പറഞ്ഞിരുന്നു. റാക്കൂണുകളെക്കൊണ്ട് പൊറുതിമുട്ടി ഒടുക്കം താനിപ്പോൾ വീട്ടിൽ നിന്നും പലായനം ചെയ്തിരിക്കുകയാണ് എന്നാണത്രെ സ്ത്രീ പറഞ്ഞത്. എന്നാൽ, ഇവരുടെ തന്നെ ഒരു പ്രവൃത്തിയാണ് ഈ അപകടത്തിലേക്ക് വഴി തുറന്നതും. വർഷങ്ങൾക്ക് മുമ്പ് ഒരു റാക്കൂൺ കുടുംബത്തിന് ഇവർ ഭക്ഷണം നൽകാൻ ആരംഭിച്ചതാണ്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് വരെ അവരത് തുടരുകയും ചെയ്തു. എന്നാൽ, അപ്പോഴേക്കും അവയുടെ എണ്ണം നൂറായിരുന്നു. അവ സ്ഥലമാകെ കയ്യേറാനും ശല്ല്യമുണ്ടാക്കാനും തുടങ്ങി. ഇപ്പോൾ റാക്കൂണുകൾ കൂടുതൽ അക്രമകാരികളായിരിക്കുകയാണ്. വീടിന് നാശനഷ്മുണ്ടാക്കുന്നു. ഭക്ഷണത്തിന് വേണ്ടി സ്ത്രീയെ പ്രതീക്ഷിച്ച് നിൽക്കും. കാറുകൾക്ക് സ്ക്രാച്ചുകളുണ്ടാക്കി. സ്ത്രീ പുറത്തെത്തുമ്പോൾ അവരെ വളയും. അങ്ങനെ രാവെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീയെ റാക്കൂണുകൾ വേട്ടയാടാൻ തുടങ്ങിയതോടെയാണ് അവർക്ക് അവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നത്. ഇത്തരം മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് നേരത്തെ തന്നെ അധികൃതർ പ്രോത്സാഹിപ്പിക്കുന്നില്ല. എന്തായാലും, കുറച്ചധികം നാളുകളായി സ്ത്രീ ഭക്ഷണം നൽകാത്തതിനാൽ തന്നെ റാക്കൂണുകൾ പയ്യെ സ്ഥലം വിട്ട് തുടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്.