Site icon Newskerala

മധ്യപ്രദേശിൽ പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ബുർഹാൻപൂരിൽ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ഖക്‌നാറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒരു വർഷം മുമ്പാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.അദ്യ ദവാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ ഏഴിനാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അന്തർ സിങ് കാനേഷ് പറഞ്ഞു. 2024 ഏപ്രിൽ 18ന് രാവിലെ 6.45നാണ് സംഭവമെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.ആശുപത്രിയിലെ സ്‌ട്രെക്ച്ചറിൽ കിടക്കുന്ന സ്ത്രീയുടെ മൃതദേഹം ഒരാൾ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ഭൗരഘട്ട് പ്രദേശത്തെ തൻജിയാപത് ഗ്രാമത്തിൽ താമസിക്കുന്ന 25 കാരനായ നിലേഷ് ഭിലാലയാണ് പ്രതി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.ബുർഹാൻപൂരിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഹെൽത്ത് സെന്ററിലെ പോസ്റ്റ്‌മോർട്ടം വിഭാഗത്തിലേക്ക് പ്രതി എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനായി കേസിൽ അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു.

Exit mobile version