Site icon Newskerala

അവിഹിത ബന്ധമാരോപിച്ച് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ബംഗളൂരു: വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബിദാർ ജില്ലയിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ രണ്ട്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ് മർദനമേറ്റ് മരിച്ചത്. പ്രതികൾ വിഷ്ണുവുമായി ബന്ധമുണ്ടായിരുന്ന സ്ത്രീയുടെ കുടുംബാംഗങ്ങളാണ്. വിഷ്ണുവിനെ പൊലീസ് കണ്ടെത്തുമ്പോൾ അർദ്ധബോധാവസ്ഥയിലായിരുന്നുവെന്നാണ് ബിദാറിലെ ചിന്തകി ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. ഗ്രാമത്തിൽ ഒരാളെ കെട്ടിയിട്ട് ആക്രമിച്ച വിവരം ലഭിച്ച് പൊലീസ് അവിടെയത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ സാരമായ പരിക്കുകളോടെ അർദ്ധബോധാവസ്ഥയിൽ വിഷ്ണുവിനെ കണ്ടെത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. ആദ്യം ചിന്തകി സർക്കാർ ആശുപത്രിയിലും പിന്നീട് ബിദാർ ബ്രിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിഷ്ണു മരിച്ചു. തന്റെ മകൻ വിവാഹിതയും കുട്ടികളുമുള്ള പൂജ എന്ന സ്ത്രീയുമായി ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു എന്ന് വിഷ്ണുവിന്‍റെ മാതാവ് ലക്ഷ്മി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിനെ ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പം താമസിക്കുകയായിരുന്നു പൂജ. കുടുംബത്തിനും ഇക്കാര്യം അറിയാമായിരുന്നു എന്ന് ലക്ഷ്മി പറഞ്ഞു. മൂന്ന് മാസം മുമ്പ് പൂജ നാഗനപ്പള്ളിയിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച വിഷ്ണു പൂജയെ കാണാൻ രണ്ട് പരിചയക്കാരോടൊപ്പം നാഗനപ്പള്ളിയിൽ പോയിരുന്നു. ഹനുമാൻ ക്ഷേത്രത്തിൽ വെച്ച് പൂജയുടെ പിതാവും സഹോദരനും ചേർന്ന് വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. തൂണിൽ കെട്ടിയിട്ട വിഷ്ണുവിനെ പൂജയുടെ പിതാവും സഹോദരനും ചേർന്ന് മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. യുവാവ് സഹായത്തിന് വേണ്ടി കേണപേക്ഷിക്കുന്നുണ്ടെങ്കിലും ആരും സഹായിക്കുന്നില്ല. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Exit mobile version