മംഗളൂരു: കൊപ്പൽ ജില്ലയിലെ ഗംഗാവതിയില്‍ യുവമോര്‍ച്ച നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ഗംഗാവതി ടൗൺ യുവമോർച്ച പ്രസിഡന്റ് വെങ്കിടേശ കുറുബറയാണ് (31)കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അക്രമത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കൊപ്പൽ റോഡിലെ ലീലാവതി ആശുപത്രിക്ക് മുന്നിൽ പുലർച്ചെ രണ്ട് മണിയോടെയാണ് വെങ്കിടേശനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വെങ്കിടേശ. കാറിലെത്തിയ അക്രമിസംഘം അദ്ദേഹത്തിന്റെ ബൈക്ക് പിന്തുടർന്ന് പിന്നിൽ നിന്ന് ഇടിച്ചുകയറ്റുകയായിരുന്നു. എട്ടോളം അംഗങ്ങളുള്ള സംഘം വെങ്കിടേശനെ ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്തിയതായി കൊലപാതകം കണ്ട വെങ്കിടേശയുടെ സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. ഇതിനിടെ ഗംഗാവതി പട്ടണത്തിലെ എച്ച്ആർഎസ് കോളനിയിൽ നിന്ന് കൊലയാളികൾ ഉപയോഗിച്ച കാർ പൊലീസ് പിടിച്ചെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് രവി എന്നയിളുടെ പങ്ക് സംശയിക്കുന്നതായി വെങ്കിടേശന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. കഴിഞ്ഞ എട്ട് വർഷമായി ഇരുവരും ശത്രുതയിലായിരുന്നുവെന്നും ഗംഗാവതി പട്ടണത്തിലെ സ്വാധീനം ഉറപ്പിക്കുന്നതിനെച്ചൊല്ലി പലപ്പോഴും ഇരുവരും ഏറ്റുമുട്ടിയിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
