അപഹരിച്ച മദ്യത്തിന്റെ വില അടച്ചാലും ബെവ്കോ ജീവനക്കാർക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈകോടതി
കൊച്ചി: ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് അപഹരിച്ച മദ്യത്തിന്റെ വില പിന്നീട് അടച്ചതിനാൽ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ജീവനക്കാരുടെ ഹരജി ഹൈകോടതി തള്ളി. മുവാറ്റുപുഴ ഔട്ട്ലെറ്റിൽനിന്ന് 27.92 ലക്ഷം രൂപയുടെ മദ്യം അപഹരിച്ച കേസിൽ പ്രതികളായ ജീവനക്കാർ പി.എൻ. സുരേഷ് കുമാർ, ആർ. ശ്രീരാഗ്, കെ.പി. പ്രസീദ്, മാത്യു ജേക്കബ്, കെ.ജെ. തോമസ്, കെ.ടി. ദീപുമോൻ എന്നിവർ നൽകിയ ഹരജികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്. അപഹരിച്ച മദ്യത്തിന്റെ തുക ഏറെ വൈകി തിരികെ അടച്ചതുകൊണ്ട് കേസ് ഇല്ലാതാകുന്നില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഇവർ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ കാലയളവിലാണ് ക്രമക്കേട് നടന്നത്. മദ്യത്തിന്റെ സ്റ്റോക്കിൽ കുറവു വരുത്തിയതിലൂടെ ഖജനാവിന് നഷടമുണ്ടാക്കിയെന്ന കേസാണ് ഹരജിക്കാർക്കെതിരെ ചുമത്തിയത്. സ്റ്റോക്കിൽ കുറവുള്ളതായി കണ്ടെത്തിയതോടെ തുക തിരികെ അടച്ചെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. കേസ് റദ്ദാക്കാനാകില്ലെന്നായിരുന്നു സർക്കാറിന്റേയും ബെവ്കോയുടേയും നിലപാട്. വലിയ തുകയുടെ കുറവുണ്ടായത് കരുതിക്കൂട്ടിയല്ലെന്നും പ്രതികളുടെ സജീവ പങ്കാളിത്തമില്ലെന്നും കരുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. തുക തിരിച്ചടച്ചത് ഏറെ വൈകിയാണ്. പലിശയും അടച്ചിട്ടില്ല. സ്റ്റോക്കെടുക്കാൻ വൈകിയതാണ് കാലതാമസത്തിന് കാരണമെന്ന വാദവും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
