കടൽക്കൊള്ള’ പൊളിഞ്ഞു; ഹോർമുസിൽ യുഎസ് പടക്കപ്പലുകളെ വെട്ടിച്ച് ഇറാൻ
തെഹ്റാൻ/വാഷിങ്ടൺ: ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയിൽ ആധിപത്യം സ്ഥാപിക്കാൻ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധത്തെ വെല്ലുവിളിച്ച് ഹോർമുസ് കടലിടുക്കിൽ കപ്പലോട്ടം. ഇറാൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് യുഎസ് പ്രഖ്യാപിച്ച ഉപരോധം പാളിയെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച ഏഴ് വൻ കപ്പലുകൾ യുഎസ് പടക്കപ്പലുകളുടെ മൂക്കിനുകീഴിലൂടെ കടലിടുക്ക് താണ്ടി. ഇറാനിയൻ തുറമുഖങ്ങൾ സന്ദർശിച്ച രണ്ടെണ്ണം ഉൾപ്പെടെ ഇറാനുമായി ബന്ധപ്പെട്ട നാലു കപ്പലുകളും മറ്റു മൂന്നു കപ്പലുകളും പ്രധാന കപ്പൽപ്പാത കടന്നതായി ബിബിസി റിപ്പോർട്ട്ചെയ്തു. അമേരിക്കയുടെ ഏകപക്ഷീയ നടപടിയെ നാറ്റോ സഖ്യകക്ഷികൾ ഉൾപ്പെടെ ലോകരാജ്യങ്ങൾ അപലപിച്ചു. ഇറാന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് റഷ്യയും ചൈനയും രംഗത്തെത്തി.
യുഎസ് പടക്കപ്പലുകളുടെ കൺവെട്ടത്തുവന്നാൽ ഇറാനിയൻ കപ്പലുകളെ തകർത്തുകളയുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, ഇറാനിലേക്കുള്ള പാത അടയ്ക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ അവഗണിച്ച് ഹോർമുസിൽ ഗതാഗതം നടന്നത് അമേരിക്കക്ക് കനത്ത തിരിച്ചടിയായി. ഇറാൻ ഏർപ്പെടുത്തിയ ഉപരോധം നീക്കാനെന്ന പേരിൽ അമേരിക്ക പ്രഖ്യാപിച്ച നാവികഉപരോധം തകർത്ത് ഇറാൻ കപ്പൽഗതാഗതം സുഗമമാക്കുന്ന കാഴ്ചയാണ് ലോകം കാണുന്നത്. ഇറാൻ തുറമുഖങ്ങളിലേക്കല്ലാത്ത കപ്പലുകളെ തടയില്ലെന്ന് പറഞ്ഞ് മുഖംരക്ഷിക്കാനാണ് ഇപ്പോൾ യുഎസ് സൈന്യം ശ്രമിക്കുന്നത്. യുഎസ് പടക്കപ്പലുകൾക്ക് ഹോർമുസ് ‘മരണച്ചുഴി’യായി മാറുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ചൊവ്വാഴ്ചത്തെ സംഭവവികാസങ്ങൾ. ഉപരോധിക്കാൻ വന്ന യുഎസ് കപ്പലുകളെ ഇറാൻ നാവികസേന തുരത്തിയതായും റിപ്പോർട്ടുകളുണ്ട്.





