ജയിലിലേക്കുള്ള സിപിഎം നേതാക്കളുടെ ഘോഷയാത്ര തുടങ്ങി, പദ്മകുമാറിന്റെ അറസ്റ്റിൽ കേരളം നടുങ്ങി’; ശബരിമല സ്വർണകൊള്ളയിലെ അറസ്റ്റിൽ വി ഡി സതീശൻ
‘
ജയിലിലേക്കുള്ള സിപിഎം നേതാക്കളുടെ ഘോഷയാത്ര തുടങ്ങിയെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമലയിലെ സ്വർണകൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ എംഎൽഎയും സിപിഎം ജില്ലാ കമ്മറ്റി അംഗവും കൂടിയായ എ പദ്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ. പദ്മകുമാറിന്റെ അറസ്റ്റോടെ കേരളം നടുങ്ങിയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് ഇനി അറസ്റ്റ് ചെയ്യേണ്ടത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ കേസ് എന്താകുമായിരുന്നെന്നും കൊള്ള അയ്യപ്പൻറെ വിഗ്രഹം വരെ എത്തുമായിരുന്നെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
കട്ടിളപ്പാളിക്കേസിലാണ് പദ്മകുമാറിന്റെ അറസ്റ്റ്. കേസിൽ എട്ടാംപ്രതിയാണ് പദ്മകുമാർ. 2019 ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ എ പത്മകുമാർ നിർബന്ധിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയിരുന്നു.
ഇതിന് പിന്നാലെ ഇന്ന് ചോദ്യചെയ്യലിനായി പദ്മകുമാർ എസ്ഐടിക്ക് മുന്നിൽ ഹാജരായിരുന്നു. ഏറെനേരത്തെ ചോദ്യചെയ്യലിന് ശേഷമാണ് പദ്മകുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എസ്ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് പദ്മകുമാറിനെ ചോദ്യം ചെയ്‌തത്. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. സിപിഎം ജില്ലാ കമ്മറ്റി അംഗവും മുൻ എംഎൽഎയുമാണ് എ പദ്മകുമാർ.





