മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ തന്നെ ബിജെപി സ്ഥാനാർഥി; നിർദേശം ദേശീയ നേതൃത്വത്തിൻ്റേത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതാണ് നിർദേശം. നിർദേശം സുരേന്ദ്രൻ അംഗീകരിക്കുക കൂടി ചെയ്തതോടെ സ്ഥാനാർതിത്വത്തിൽ തീരുമാനമായി. വട്ടിയൂർക്കാവ് വേണമെന്ന ആവശ്യത്തിലായിരുന്നു സുരേന്ദ്രൻ. അതിനിടെയാണ് ദേശീയ നേതൃത്വത്തിൻ്റെ നിർദേശം. നാളെ മുതൽ മഞ്ചേശ്വരം മണ്ഡലത്തിൽ സജീവമാകും. ബിജെപിയുടെ പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിൽ നാളെ പങ്കെടുക്കും. കാസർഗോഡ് മണ്ഡലത്തിൽ ജില്ലാപ്രസിഡന്റ് അശ്വനി എം.എൽ സ്ഥാനാർഥിയാകും.മണ്ഡലത്തിൽ മത്സരിക്കാൻ സംസ്ഥാന നേതാക്കൾ എത്തുന്നത് ബിജെപിക്കെതിരെ വോട്ട് ഏകീകരിക്കാൻ കാരണമാവുന്നതായി വിലയിരുത്തലുണ്ടായിരുന്നു. ഇത്തവണ പ്രാദേശിക നേതാക്കളെ സ്ഥാനാർഥികളാക്കി മണ്ഡലത്തിൽ അട്ടിമറി വിജയം നേടുകയെന്ന ലക്ഷ്യവും ബിജെപിക്ക് ഉണ്ടായിരുന്നു. അതിനിടെയാണ് കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടൽ. 1987 മുതൽ ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കെ.ജി മാരാർ മുതൽ കെ. സുരേന്ദ്രൻ വരെയുള്ള നേതാക്കൾ മത്സരിച്ച മണ്ഡലം. 2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് ബിജെപി സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കാൻ എത്തിയത്. ആദ്യ തെരഞ്ഞെടുപ്പിൽ 5828 വോട്ടുകൾക്ക് തോറ്റ കെ. സുരേന്ദ്രൻ 2016ൽ കേവലം 89 വോട്ടിനായിരുന്നു പരാജയപ്പെട്ടത്. 2021ൽ 745 വോട്ടുകൾക്ക് എകെഎം അഷ്റഫിനോട് കെ. സുരേന്ദ്രൻ പരാജയപ്പെട്ടു. ബിജെപിക്കെതിരെ വോട്ട് ഏകീകരിക്കപ്പെടുന്നതാണ് പരാജയത്തിന് കാരണമെന്നാണ് പാർട്ടി വിലയിരുത്തൽ. മണ്ഡലത്തിൽ സംസ്ഥാന നേതാക്കൾ മത്സരിക്കുന്നത് ബിജെപിക്കെതിരെ വോട്ട് ഏകീകരിക്കുന്നതിന് കാരണമാവുന്നു. അതിനാൽ പ്രാദേശിക നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button