മധുരബസാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി അഞ്ചു യുവാക്കൾ പിടിയിൽ
കോഴിക്കോട്: ചെറുവണ്ണൂർ മധുരബസാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി അഞ്ചു യുവാക്കൾ പിടിയിൽ. ഫറോക്ക് ചന്ത സ്വദേശി വണ്ടിത്തെടി വീട്ടിൽ ആഷിക്. വി (31), കോഴിക്കോട് മുഖദാർ സ്വദേശി ആമിനാസ് വീട്ടിൽ മുഹമ്മദ് ആദിൽ (27), ചെറുവണ്ണൂർ മധുര ബസാർ സ്വദേശി അരീക്കാടൻ വീട്ടിൽ ജാസിർ. എ (27), ചെറുവണ്ണൂർ കുമ്മനപാടം സ്വദേശി കവുങ്ങിൻ തോടൻ വീട്ടിൽ മുഹമ്മദ് ജാസിർ കെ.ടി (22), ഒളവണ്ണ സ്വദേശി പയ്യടിത്താഴം വീട്ടിൽ മൻസൂർ പി.ടി (36) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും, നല്ലളം ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
122.72 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗത്തിനായുള്ള മൂന്ന് ഗ്ലാസ് ടംബ്ലറുകളും, ഇലക്ടോണിക് ത്രാസും, മയക്കുമരുന്ന് വിറ്റ് കിട്ടിയ 10,300 രുപയുമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. കുറച്ചുദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതികൾ ഒത്തുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് ചെറുവണ്ണൂർ മധുരബസാറിലെ ഒരു കെട്ടിടത്തിൽ വെച്ച് മയക്കുമരുന്ന് സഹിതം ഇവർ പോലീസിന്റെ വലയിലായത്. ചെരിപ്പ് കച്ചവടത്തിന്റെ മറവിലായിരുന്നു വിൽപ്പന. ഗോഡൗണായി പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിൽ വെച്ച് എംഡിഎംഎ ചെറിയ പാക്കറ്റുകളാക്കി ഫറോക്ക്, ബേപ്പൂർ, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര എന്നീ സ്ഥലങ്ങളിലെ യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതി.
പ്രതികൾ സ്ഥിരം മയക്കുമരുന്ന് വിൽപ്പനക്കാരാണെന്നും, ബംഗളൂരുവിലെ മയക്കുമരുന്ന് മൊത്തവിൽപ്പനക്കാരിൽ നിന്നും 100, 200 ഗ്രാമുകളായി വാങ്ങിച്ച് ഒരു ഗ്രാം, രണ്ട് ഗ്രാം വരുന്ന ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുകയും, ഇതിലൂടെ സമ്പാദിക്കുന്ന പണം ആർഭാട ജീവിതത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയുമാാണ് ഉപയോഗിച്ചിരുന്നത്. പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്നും, പ്രതികൾ ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.





