വാഹനത്തിന്റെ വില പത്ത് ലക്ഷത്തിൽ താഴെ, രജിസ്‌ട്രേഷൻ നമ്പർ സ്വന്തമാക്കിയത് 2.08 കോടിക്ക്; സോഷ്യൽ മീഡിയയിൽ തരംഗമായ ആ കാർ ഇതാണ്

ന്യൂഡൽഹി: ഇന്ത്യയിലെ വാഹന രജിസ്ട്രേഷൻ നമ്പറുകളുടെ ചരിത്രത്തിൽ പുതിയ റെക്കോർഡ്. ബിഗ് ബോയ് ടോയ്സ് (BBT) സ്ഥാപകൻ ജതിൻ അഹൂജയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘DDC 0001’ എന്ന വി.ഐ.പി നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റുപോയത് 2.08 കോടി രൂപക്ക്. ഡൽഹിയിൽ നടന്ന ‘ഓക്ഷൻ ഹൗസ് ബൈ ബിഗ് ബോയ് ടോയ്സ്’ എന്ന ലേലവേദിയിലാണ് ഈ അപൂർവ നേട്ടം പിറന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് ഈ ഫാൻസി നമ്പർ സ്വന്തമാക്കിയത്. കോടികൾ വിലമതിക്കുന്ന സൂപ്പർ കാറുകൾ കൈകാര്യം ചെയ്യുന്ന ജതിൻ അഹൂജ, തന്റെ ലളിതമായ ‘മാരുതി സുസുക്കി ഇഗ്നിസ്’ കാറിലായിരുന്നു ഈ നമ്പർ ഉപയോഗിച്ചിരുന്നത് എന്നതാണ് കൗതുകകരം. കഴിഞ്ഞ വർഷം ‘HR 88 B 8888’ എന്ന നമ്പർ 1.17 കോടി രൂപക്ക് ലേലം പോയെങ്കിലും പണമടയ്ക്കാത്തതിനാൽ ആ വിൽപന റദ്ദാക്കിയിരുന്നു. പിന്നീട് അത് വെറും 26.7 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. അതിനാൽ 2.08 കോടി എന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയായി മാറി. ലക്ഷ്വറി കാറുകൾക്ക് പുറമെ സെലിബ്രിറ്റികളുടെ വാഹനങ്ങൾ, അപൂർവമായ വാച്ച് ശേഖരങ്ങൾ, പ്രീമിയം മൊബൈൽ നമ്പറുകൾ എന്നിവ ലേലം ചെയ്യുന്നതിനായി ബിഗ് ബോയ് ടോയ്സ് ആരംഭിച്ച പ്രത്യേക വിഭാഗമാണിത്. ദിനേഷ് കാർത്തിക്കിന്റെ റേഞ്ച് റോവർ സ്പോർട്സ് SVR, ശിൽപ ഷെട്ടിയുടെ മെഴ്സിഡസ് മെയ്ബാക്ക്, രോഹിത് ഷെട്ടിയുടെ മെഴ്സിഡസ് ബെൻസ്. റോലെക്സ് ടൈഫോണി വാച്ചുകൾ, ഹൂബ്ലോട്ട് ഗോൾഡ് സ്കെലിറ്റൺ ക്രോണോഗ്രാഫ്, 999999999X തുടങ്ങിയ വി.ഐ.പി മൊബൈൽ നമ്പറുകൾ എന്നിവ ഈ പ്ലാറ്റഫോം വഴി ലേലത്തിൽ സ്വന്തമാക്കിയവയാണ്. ഭാവിയിൽ ആഡംബര ഹാൻഡ്ബാഗുകൾ, കലാരൂപങ്ങൾ, റിയൽ എസ്റ്റേറ്റ് എന്നിവ കൂടി ലേലത്തിൽ ഉൾപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നുണ്ട്. സാധാരണ മെട്രോ നഗരങ്ങളിൽ നിന്ന് മാറി ഗുണ്ടൂർ പോലുള്ള പ്രദേശങ്ങളിൽ നിന്നുള്ളവർ ഇത്തരം ആഡംബര വസ്തുക്കളിൽ താൽപര്യം പ്രകടിപ്പിക്കുന്നത് വലിയ മാറ്റമായിട്ടാണ് വിപണി നിരീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button