വെടിക്കെട്ടുപുരയിലെ സ്ഫോടനം; ‘നാല് പേരെ എവിടെയും കണ്ടെത്താനായില്ല, എട്ട് പേരുടെ മൃതദേഹം വിട്ടുകൊടുത്തു’; തൃശൂർ കലക്ടർ
തൃശൂർ: തൃശൂർ വെടിക്കെട്ട് അപകട സ്ഥലത്തുണ്ടായിരുന്ന നാല് പേരെ എവിടെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കലക്ടർ ശിഖ സുരേന്ദ്രൻ. ഒമ്പത് പേരിൽ എട്ട് പേരുടെയും മൃതദേഹം വിട്ടുകൊടുത്തെന്നും ഒരാളുടെ ഡിഎൻഎ സാമ്പിൾ എടുക്കാൻ കാത്തിരിക്കുകയാണെന്നും കലക്ടർ വ്യക്തമാക്കി. എല്ലാ കണക്കുകളും ക്രോഡീകരിച്ച ശേഷം മരിച്ചവരുടെ എണ്ണം വ്യക്തമാകുമെന്നും കലക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘നാല് പേരുടെ മൃതദേഹങ്ങളാണ് ഇനിയും കണ്ടെത്താനുള്ളത്. ബന്ധുക്കൾ അവരെ എല്ലായിടത്തും തെരഞ്ഞ് നോക്കുന്നുണ്ട്. ഒമ്പത് പേരിൽ എട്ട് പേരുടെയും മൃതദേഹം വിട്ടുകൊടുത്തിട്ടുണ്ട്. ഒരാളുടെ ഡിഎൻഎ സാമ്പിൾ എടുക്കാൻ കാത്തിരിക്കുകയാണ്. എല്ലാ കണക്കുകളും ക്രോഡീകരിച്ച ശേഷം മരിച്ചവരുടെ എണ്ണം വ്യക്തമാകും. 32 ശരീരാവശിഷ്ടങ്ങളെന്നത് സ്ഥിരീകരിക്കാനായിട്ടില്ല. മിസ്സിങ് കേസുകളെ കുറിച്ചുള്ള ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചതിന് ശേഷം മാത്രമേ മരണസംഖ്യ കൃത്യമായി പറയാൻ സാധിക്കുകയുള്ളൂ’. കലക്ടർ കൂട്ടിച്ചേർത്തു. അതേസമയം, മുണ്ടത്തിക്കോട് നിർമാണ ശാലയിലെ അപകടത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എൻ രാമചന്ദ്രനാണ് അന്വേഷണം നടത്തുക. അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബങ്ങൾക്കുള്ള ധനസഹായവും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകും. സിഎംഡിആർഎഫിൽ നിന്നും 10 ലക്ഷം എസ്ഡിആർഎഫിൽ നിന്നും നാല് ലക്ഷം രൂപയും നൽകും. പരിക്കേറ്റവർക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കും. ഇന്നലെ വൈകിട്ടാണ് തൃശൂർ പൂരത്തിനായുള്ള പടക്കനിർമാണശാലയിൽ വൻ പൊട്ടിത്തെറിയുണ്ടായത്. മുണ്ടത്തിക്കോട്ടെ പൊട്ടിത്തെറിയിൽ പത്ത് പേർ മരണപ്പെട്ടിരുന്നു. എട്ട് പേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.





