സിനിമാ സമരം പിൻവലിച്ചു; വിനോദ നികുതിയിൽ ഇളവ് നൽകാമെന്ന് ഉറപ്പ്

കേരളത്തിൽ സിനിമ സംഘടനകൾ പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് പിൻവലിച്ചു. നാളെ നടക്കാനിരുന്ന സമരമാണ് പിൻവലിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന ഉറപ്പിനെത്തുടർന്നാണ് തീരുമാനം. മന്ത്രി നല്ല രീതിയിൽ ഉള്ള പ്രതികരണം നടത്തിയതിന്റെ പേരിൽ അദ്ദേഹത്തിന്റെ അഭ്യർത്ഥന കൂടെ മാനിച്ച് സമരം പിൻവലിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത് എന്ന് സംഘടന പ്രതിനിധികൾ അറിയിച്ചു. മന്ത്രിയായിട്ടുള്ള ചർച്ച കഴിഞ്ഞു. ഞങ്ങൾ ഉന്നയിച്ച ഏറ്റവും വലിയ പ്രശ്നം വിനോദ നികുതിയാണ്. അത് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ചർച്ചചെയ്ത് വേണ്ട ഇളവ് നൽകാമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. കൂടാതെ ഞങ്ങൾ ഉന്നയിച്ച വിവിധ പ്രശ്നങ്ങൾ രണ്ടാഴ്ചക്കുള്ളിൽ തന്നെ ചർച്ചകൾ നടത്താമെന്നും പറഞ്ഞ കാര്യങ്ങൾ ന്യായമാണെന്നും അത് വേണ്ട രീതിയിൽ ചെയ്യാമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങൾ സമരം പിൻവലിക്കുകയാണ്. സംഘടന പ്രതിനിധികൾ അറിയിച്ചു. തിയറ്റർ ലൈസൻസ്, ഷൂട്ടിങ് ഏകജാലക സംവിധാനം, തിയറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വഴിയുള്ള സബ്സിഡിയുടെ കാര്യത്തിൽ വർധനവ് വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. പൈറസിയും റിവ്യു ബോംബിങ്ങും ചർച്ചയിൽ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. വിനോദ നികുതി നാല് ശതമാനമാക്കി കുറക്കണമെന്ന് മന്ത്രി നിർദേശം വെച്ചിരുന്നു. എന്നാൽ ഇത് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് അറിയിച്ചു.‌അമ്മ, പ്രൊഡ്യൂസർസ് അസോസിയേഷൻ, ഫിലീം ചേമ്പർ തുടങ്ങിയ സംഘടനകൾ സംയുക്തമായി ചേർന്നാണ് ജനുവരി 21ന് സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ജി.എസ്.ടി വന്നതിന് ശേഷവും തുടർന്നുപോകുന്ന തദ്ദേശനികുതി ഒഴിവാക്കണമെന്നതായിരുന്നു സംഘടനകളുടെ പ്രധാന ആവശ്യം. ജി.എസ്.ടിക്ക് പുറമെ തദ്ദേശനികുതിയും വരുന്നതോടെ ഇത് ഫലത്തിൽ ഇരട്ട നികുതിയാണ്. ഇത് വലിയ ഭാരമാണ് സിനിമ മേഖലക്ക് ഉണ്ടാക്കുന്നത്. എന്നാൽ ഈ കാര്യങ്ങളൊന്നും കേൾക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും കഴിഞ്ഞ സിനിമാ കോൺക്ലേവ് കണ്ണിൽ പൊടിയിടാനാണ് സംഘടിപ്പിച്ചതെന്നും സംഘടനകൾ വിമർശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button