സ്കൂൾ ബസിനെ മറികടക്കാൻ ശ്രമം; താനെയിൽ ബൈക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ ബസിനടിയിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം
താനെ: മഹാരാഷ്ട്രയിലെ താനെ മുമ്പ്രയിൽ സ്കൂൾ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. ബൈക്കിലുണ്ടായിരുന്ന മൂന്നാമന് ഗുരുതരമായി പരിക്കേറ്റു. ഏപ്രിൽ 7ന് വൈകുന്നേരം മുമ്പ്രയിലെ എം.എം വാലി പ്രദേശത്താണ് അപകടം നടന്നത്. ഒരു ബൈക്കിൽ മൂന്നുപേർ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായത്. അവിനാഷ് ദാവന്ദെ (19), സംഘം പുൽഷാരെ (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന മഹേഷ് വാരെ (18) പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ സ്കൂൾ ബസിനെ അമിതവേഗതയിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാക്കളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താനെയിൽ കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ മറ്റു അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭീവണ്ടി-പാഡ്ഘ ഹൈവേയിൽ ട്രാക്ടർ ബൈക്കിലിടിച്ച് ഒരു സ്ത്രീ മരിക്കുകയും രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, കല്യാൺ-മർബാദ് റോഡിൽ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു അപകടത്തിൽ പ്രമുഖ ഡോക്ടറായ സോമനാഥ് പാട്ടീലും കൊല്ലപ്പെട്ടു. ക്ലിനിക്കിലേക്ക് പോകുന്നതിനിടെ ഡോക്ടറുടെ ബൈക്കിന് പിന്നിൽ ടെമ്പോ ഇടിക്കുകയായിരുന്നു.മുമ്പ്രയിൽ നടന്ന അപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





