Site icon Newskerala

സ്വീകരിച്ചത് 98451 സ്ഥാനാർഥികളുടെ 1,40,995 പത്രികകൾ; 2261 പത്രികകൾ തള്ളി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ സാധുവായി സ്വീകരിച്ചത് 98,451 സ്ഥാനാർഥികളുടെ 1,40,995 പത്രികകൾ. സംസ്ഥാനത്താകെ തള്ളിയത് 2,261 പത്രികകൾ. തള്ളിയ പത്രികകളിൽ 1228 എണ്ണം സ്ത്രീകളുടേതും 1033 എണ്ണം പുരുഷൻമാരുടേതുമാണ്. ഏറ്റവും കൂടുതൽ പത്രികകൾ തള്ളിയത് തിരുവനന്തപുരം ജില്ലയിലാണ്; 527 എണ്ണം. കോട്ടയത്ത് 401 പത്രികകളും എറണാകുളത്ത് 348 പത്രികകളും തള്ളി. സൂക്ഷ്മപരിശോധനക്ക് ശേഷം ഏറ്റവും കൂടുതൽ പത്രികകളും സ്ഥാനാർഥികളും അവശേഷിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ12,556 സ്ഥാനാർഥികളുടെ 17,607 പത്രികകളാണ് സ്വീകരിച്ചത്. സംസ്ഥാനത്താകെ അവശേഷിക്കുന്ന 98,451 സ്ഥാനാർഥികളിൽ 51,728 പേർ സ്ത്രീകളും 46,722 പേർ പുരുഷൻമാരുമാണ്. ട്രാൻസ് വിഭാഗത്തിൽ നിന്ന് തിരുവനന്തപുരത്ത് ഒരു പത്രിക സ്വീകരിച്ചിട്ടുണ്ട്. അന്തിമ കണക്ക് വരുമ്പോൾ സ്വീകരിച്ച പത്രികകളുടെ എണ്ണത്തിലും സ്ഥാനാർഥികളുടെ എണ്ണത്തിലും നേരിയ വ്യത്യാസമുണ്ടാകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. സൂക്ഷ്മപരിശോധനക്ക് ശേഷമുള്ള സ്ഥാനാർഥികൾ, സ്വീകരിച്ച പത്രികകൾ, തള്ളിയ പത്രികകൾ എന്നിവ ജില്ല തിരിച്ച്; തിരുവനന്തപുരം 7985, 11,192, 527 കൊല്ലം 6228, 10,282, 49 പത്തനംതിട്ട 3829, 6676, 94 ആലപ്പുഴ 7135, 11,453, 71 കോട്ടയം 5630, 8613, 401 ഇടുക്കി 3733, 5179, 125 എറണാകുളം 8214, 12,580, 348 തൃശൂർ 9468, 13,925, 116 പാലക്കാട് 9909, 11,703, 56 മലപ്പുറം 12,556, 17,607, 150 കോഴിക്കോട് 9482, 12,479, 108 വയനാട് 2838, 4336, 67 കണ്ണൂർ 7566, 10,081, 98 കാസർകോട് 3878, 4889, 51 ഹൈകോടതി നിർദേശം നടപ്പാക്കും തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത നിർമിതികൾ, ബാനറുകൾ, ബോർഡുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടോയെന്ന പരിശോധന ഊർജിതമാക്കാനും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും ആവശ്യമായ നിർദേശം നൽകാൻ കലക്ടർമാരോട് ആവശ്യപ്പെട്ടു. ഹൈകോടതി നിർദേശപ്രകാരം മാതൃകാ പെരുമാറ്റചട്ടത്തിന്റെ മാർഗനിർദേശങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. പുതുക്കിയ നിർദേശ പ്രകാരം ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർ അവരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ അനധികൃത പ്രചാരണ സാമഗ്രികൾ ഉപയോഗിക്കുന്നതിനെതിരേ കർശന നടപടി സ്വീകരിക്കണം. വിമതരെ സി.പി.എം പുറത്താക്കും തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥികളായ പാർട്ടി അംഗങ്ങൾക്കെതിരെ പുറത്താക്കലടക്കം അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് പാർട്ടി അംഗങ്ങൾ വിമതരായി രംഗത്തുള്ളത്. ജില്ല കമ്മിറ്റികൾ നേരിട്ട് സ്ഥാനാർഥിനിർണയം പൂർത്തിയാക്കിയ കോർപറേഷനുകളിലടക്കം മിക്ക ജില്ലകളിലും സി.പി.എമ്മിന് വിമത ഭീഷണിയുണ്ട്. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് വിമതരായി രംഗത്തുള്ളത്. ഇവരിൽ ചിലരെ പ്രാദേശിക ഘടകങ്ങൾ അനുനയിപ്പിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ അനുനയനീക്കം തുടരുകയാണ്. പാർട്ടിക്ക് വഴങ്ങില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിലടക്കം പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപറേഷൻ ഉള്ളൂർ വാർഡിൽ മത്സരിക്കുന്ന ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കൂടിയായ ലോക്കൽ കമ്മിറ്റി അംഗം കെ. ശ്രീകണ്ഠനെ പാർട്ടി പുറത്താക്കി. മറ്റുള്ളവർക്കെതിരായ നടപടി വരുംദിവസങ്ങളിലുണ്ടാകും. മംഗൽപാടിയിൽ ലീഗിന് എതിരില്ല കുമ്പള (കാസർകോട്): മംഗൽപാടി പഞ്ചായത്ത് 24ാം വാർഡ് മണിമുണ്ടയിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ മുസ്‌ലിം ലീഗിലെ ഷമീനയാണ് ഇവിടെ സ്ഥാനാർഥി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ വെള്ളിയാഴ്ചയും മറ്റാരും പത്രിക സമർപ്പിക്കാത്തതിനാൽ ഇവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കഴിഞ്ഞതവണ ഇവിടെ എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്രസ്ഥാനാർഥി ‌മഹ്‌മൂദ് 34 വോട്ടുകൾക്ക് മുസ്‌ലിംലീഗിലെ അസീം മണിമുണ്ടയെ പരാജയപ്പെടുത്തിയിരുന്നു.

Exit mobile version