തകർച്ചയുടെ വക്കിൽ 161 ജലസംഭരണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളത് ഉപയോഗശൂന്യമായ 161 ജലസംഭരണികൾ. കൊച്ചി കോർപറേഷനിൽ ജല അതോറിറ്റിയുടെ കൂറ്റൻ ജലസംഭരണി തകർന്ന സാഹചര്യത്തിത്തിലാണ് കൂറ്റൻ ടാങ്കുകളുടെ സുരക്ഷ ചർച്ചയാവുന്നത്.ഉപയോഗശൂന്യമായ കൂടുതൽ ജലസംഭരണികളുള്ളത് എറണാകുളം ജില്ലയിലാണ് (27). തിരുവനന്തപുരം-14, കൊല്ലം-8, ആലപ്പുഴ-20, കോട്ടയം-എട്ട്, ഇടുക്കി-13, തൃശൂർ-എട്ട്, പാലക്കാട്-22, മലപ്പുറം- ഒമ്പത്, കോഴിക്കോട്-നാല്, വയനാട്-ഏഴ്, കണ്ണൂർ-11, കാസർകോട്-10 എന്നിങ്ങനെയാണ് ഉപയോഗശൂന്യമായ ജലസംഭരണികളുടെ എണ്ണം. നിയമസഭയിൽ കഴിഞ്ഞ മാസം ജലവിഭവ മന്ത്രി നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ. പഴക്കംമൂലം നിലവിൽ ഉപയോഗിക്കാനാകാത്തവയുടെ എണ്ണമാണിത്. എന്നാൽ കാലപ്പഴക്കമുള്ളതും നിലവിൽ ഉപയോഗിക്കുന്നതുമായ നിരവധി ജലസംഭരണികൾ എല്ലാ ജില്ലകളിലുമുണ്ട്. ഇവയിൽ പലതും ജനവാസകേന്ദ്രങ്ങളിലുമാണ്. അപകടാവസ്ഥയിലുള്ള ജലസംഭരണികളൊന്നും ഉപയോഗിക്കുന്നില്ലെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. പഴക്കം മൂലം അപകടാവസ്ഥയിലായ ജലസംഭരണികൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ലഭ്യമായ ഫണ്ടുകൾ ഉപയോഗപ്പെടുത്തി നിലവിലെ ചട്ടപ്രകാരം സ്വീകരിച്ചുവരുന്നുവെന്നും ജല അതോറിറ്റി വ്യക്തമാക്കുന്നു. ഇതിനായി പ്രത്യേക പദ്ധതികൾ രൂപവത്കരിച്ചില്ലെന്നാണ് ജലവിഭവ മന്ത്രി നിയമസഭയിൽ നൽകിയ മറുപടി. പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയോ കാലപ്പഴക്കത്തെത്തുടർന്ന് തകർന്നുവീഴുന്ന സാഹചര്യമോ ശ്രദ്ധയിൽപ്പെട്ടാൽ അത്തരം ടാങ്കുകൾ അടിയന്തരമായ പൊളിച്ചുനീക്കാറുണ്ടെന്ന് ജല അതോറിറ്റിയും ജലവിഭവ വകുപ്പും വ്യക്തമാക്കുന്നു. എന്നാൽ കോടിക്കണക്കിന് ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ജലസംഭരണികളെല്ലം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം പരക്കെ ഉയരുന്നുണ്ട്. തമ്മനത്ത് 1.36 കോടി ലിറ്റർ സംഭരണശേഷിയുടെ ടാങ്കാണ് തിങ്കളാഴ്ച പുലർച്ചെ തകർന്നത്.




