വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. യശസ്വി ജയ്സ്വാളിന്‍റെ കന്നി ഏകദിന സെഞ്ച്വറിയുടെയും വെറ്ററൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ അർധ സെഞ്ച്വറിയുടെയും കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ അനായാസ ജയം നേടി. ജയത്തോടെ 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 47.5 ഓവറിൽ 270 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 39.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 271 റൺസെടുത്തു. ജയ്സ്വാൾ 121 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കം 116 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് 73 പന്തിൽ മൂന്നു സിക്സും ഏഴു ഫോറും ഉൾപ്പെടെ 75 റൺസെടുത്തു. 45 റൺസിൽ 65 റൺസുമായി കോഹ്ലിയും പുറത്താകാതെ നിന്നു. മൂന്നു സിക്സും ആറു ഫോറുമടങ്ങുന്നതാണ് കോഹ്ലിയുടെ ഇന്നിങ്സ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും താരം സെഞ്ച്വറി നേടിയിരുന്നു.കരിയറിലെ നാലാം ഏകദിനത്തിലാണ് യശസ്വി ഈ ഫോർമാറ്റിലെ ആദ്യ സെഞ്ച്വറി കുറിക്കുന്നത്. 111 പന്തിൽ ഒരു സിക്സും 10 ഫോറുമടക്കമാണ് താരം മൂന്നക്കത്തിലെത്തിയത്. 75 പന്തിൽ അർധ സെഞ്ച്വറിയിലെത്തിയ താരം അടുത്ത 36 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. ഓപ്പണർമാർ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. തുടക്കത്തിൽ ശ്രദ്ധയോടെ ബാറ്റുവീശിയ രോഹിത്തും ജയ്സ്വാളും പിന്നാലെ പ്രോട്ടീസ് ബൗളർമാർക്കെതിരെ താളം കണ്ടെത്തി. ഒന്നാം വിക്കറ്റിൽ 25.5 ഓവറിൽ 155 റൺസാണ് അടിച്ചെടുത്തത്. പിന്നാലെ ജയ്സ്വാളിനൊപ്പം കോഹ്ലിയും ചേർന്നതോടെ ഇന്ത്യൻ സ്കോർ കുതിച്ചു.സെഞ്ച്വറി നേടിയ ഓപണർ ക്വിന്‍റൻ ഡികോക്കാണ് (106) സന്ദർശകരുടെ ടോപ് സ്കോറർ. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ റയാൻ റിക്കിൾടനെ സംപൂജ്യനായി മടക്കി അർഷ്ദീപ് സിങ് ക്യാപ്റ്റന്‍റെ പ്രതീക്ഷ കാത്തു. എന്നാൽ രണ്ടാം വിക്കറ്റിൽ ഡികോക്കിനൊപ്പം പ്രോട്ടീസ് നായകൻ ടെംബ ബവുമ മികച്ച കൂട്ടുകെട്ടാണൊരുക്കിയത്. സെഞ്ച്വറി പിന്നിട്ട പാർട്നർഷിപ് 21-ാം ഓവറിൽ ബവുമയെ വിരാട് കോഹിലിയുടെ കൈകളിലെത്തിച്ച് രവീന്ദ്ര ജദേജയാണ് തകർത്തത്. ഇതോടെ സ്കോർ രണ്ടിന് 114. 67 പന്തിൽ അഞ്ച് ഫോറുകൾപ്പെടെ 48 റൺസാണ് ബവുമ നേടിയത്. മാത്യു ബ്രീറ്റ്സ്കെ 24 റൺസ് നേടി പുറത്തായി. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ എയ്ഡൻ മാർക്റമിന് ഒറ്റ റൺ മാത്രമാണ് നേടാനായത്. പിന്നാലെ ഡെവാൾഡ് ബ്രെവിസിനെ സാക്ഷിയാക്കി ഡികോക്ക് സെഞ്ച്വറി പൂർത്തിയാക്കി. 80 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ഡികോക്കിന് പിന്നീട് ഒമ്പത് പന്തുകൾ കൂടിയേ ആയുസ്സുണ്ടായിരുന്നുള്ളൂ. എട്ട് ഫോറും ആറ് സിക്സും അടങ്ങിയ ഇന്നിങ്സിന് പ്രസിദ്ധ് കൃഷ്ണ തിരശീലയിട്ടു. ഡെവാൾഡ് ബ്രെവിസ് (29), മാർകോ യാൻസൻ (17), കോർബിൻ ബോഷ് (9), ലുങ്കി എൻഗിഡി (1), ഓട്നെയിൽ ബാർട്മാൻ (3) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്കോർ. 20 റൺസ് നേടിയ കേശവ് മഹാരാജ് പുറത്താകാതെ നിന്നു. ഇന്ത്യക്കു വേണ്ടി കുൽദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വീതം വിക്കറ്റുകൾ നേടി.


