47കാരന് വയറുവേദന, കാരണം ’ഗർഭപാത്രം തലകീഴായി കിടക്കുന്നത്…’! പരിശോധനാ റിപ്പോർട്ട് കണ്ട് ഞെട്ടി രോഗി
ഭോപ്പാൽ: ഗർഭപാത്രവും അതിനുണ്ടാവുന്ന പ്രശ്നങ്ങളും സ്ത്രീകളുമായി മാത്രം ബന്ധപ്പെട്ട കാര്യമാണ്. എന്നാൽ ഒരു പുരുഷന് ഗർഭപാത്രം ഉണ്ടായാലോ…? മധ്യപ്രദേശിലെ സത്നയിലാണ് സംഭവം. വയറുവേദനയ്ക്ക് ചികിത്സ തേടിയ ആളുടെ സോണോഗ്രാഫി റിപ്പോർട്ടിലാണ് ഗർഭപാത്രത്തിന്റെ കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഷൻ റോഡിലെ സത്‌ന ഡയഗ്നോസ്റ്റിക് സെന്ററിൽ നിന്ന് ലഭിച്ച പരിശോധനാ റിപ്പോർട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് പഞ്ചായത്ത് ചെയർമാൻ കൂടിയായ രോഗി. വയറുവേദനയും വീക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ജനുവരി 13നാണ് ഉഞ്ചാഹാര നഗർ പഞ്ചായത്ത് ചെയർമാൻ നിരഞ്ജൻ പ്രജാപതി സോണോഗ്രാഫി പരിശോധന നടത്തിയത്. എന്നാൽ ലഭിച്ച റിപ്പോർട്ട് കണ്ട് നിരഞ്ജന്റെ കണ്ണുതള്ളി. തനിക്കൊരു ഗർഭപാത്രമുണ്ടെന്നും അത് തലകീഴായി കിടക്കുന്നതാണ് വേദനയ്ക്ക് കാരണമെന്നുമായിരുന്നു പരിശോധനാ റിപ്പോർട്ട്. ‘എനിക്ക് വയറുവേദനയായിരുന്നു. ആദ്യം ഉഞ്ചാഹാരയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് സത്‌നയിൽ സോണോഗ്രാഫിക്ക് പോയി. ഗർഭാശയം ഉണ്ടെന്നാണ് അതിൽ പറയുന്നത്. ആദ്യം ഞാൻ അത് ശ്രദ്ധിച്ചിരുന്നില്ല. മരുന്ന് കഴിച്ചിട്ടും ആശ്വാസം ലഭിച്ചില്ല. ഈ റിപ്പോർട്ട് എന്റേതല്ല’- നിരഞ്ജൻ പറഞ്ഞു.’പിന്നീട് ഞാൻ ജബൽപൂരിലേക്ക് പോയി. ഈ റിപ്പോർട്ട് എന്റേതല്ലെന്ന് അവിടത്തെ ഡോക്ടർ വ്യക്തമായി പറഞ്ഞു. പക്ഷേ റിപ്പോർട്ടിൽ എന്റെ പേരുണ്ടെന്ന് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു’- നിരഞ്ജൻ കൂട്ടിച്ചേർത്തു. അതേസമയം, വീഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ സത്‌ന ആശുപത്രിയിലെ ഡോക്ടർ അരവിന്ദ് സറഫ് തയ്യാറായില്ല.തെറ്റായ സോണോഗ്രാഫി റിപ്പോർട്ട് തെറ്റായ ചികിത്സയിലേക്ക് നയിക്കുകയും അത് പിന്നീട് രോഗിയെ ബാധിക്കുകയും ജീവന് പോലും ഭീഷണിയാവുകയും ചെയ്യുമെന്ന് ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു. സംഭവത്തിൽ, നിരഞ്ജൻ പ്രജാപതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിഷയം ശ്രദ്ധയിൽപ്പെട്ടതായി മെഡിക്കൽ ഓഫീസറും അറിയിച്ചു. ‘പരാതി എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞങ്ങൾ അത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് വിശദമായി പരിശോധിക്കും. അന്വേഷണത്തിൽ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കും’- സത്‌ന ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മനോജ് ശുക്ല വ്യക്തമാക്കി. ഉയർന്ന ആവൃത്തിയിലുള്ള അൾട്രാസൗണ്ട് തരംഗങ്ങൾ ഉപയോഗിച്ച് ആന്തരികാവയവങ്ങളുടെ ചിത്രങ്ങൾ എടുക്കുന്ന ഒരു ഇമേജിങ് വൈദ്യപരിശോധനയാണ് സോണോഗ്രാഫി. ഗർഭകാലം നിരീക്ഷിക്കാനും ആന്തരിക രോഗങ്ങൾ (അപ്പെൻഡിസൈറ്റിസ്, പിത്താശയക്കല്ല്) നിർണയിക്കാനും ഉൾപ്പെടെ ഇത് സഹായിക്കുന്നു. റേഡിയേഷൻ ഇല്ലാത്തതിനാൽ ഇതൊരു സുരക്ഷിത രോഗനിർണയ പ്രക്രിയയായി കണക്കാക്കപ്പെടുന്നു.





