കാലികൾക്ക് ഒപ്പം തൊഴുത്തിൽ ഉണ്ടുറങ്ങി അടിമയായി 65കാരൻ, പൊലീസ് മോചിപ്പിച്ചു; ‘യജമാനത്തി’ അറസ്റ്റിൽ

മംഗളൂരു: കാലികൾക്കൊപ്പം ജോലി ചെയ്തും തൊഴുത്തിൽ ഉണ്ടുറങ്ങിയും യൗവനം ഹോമിച്ച പ്രാക്തന ഗോത്ര വർഗ്ഗക്കാരനായ കൊറഗന് വാർധക്യത്തിൽ അടിമപ്പണിയിൽ നിന്ന് മോചനം. ഉഡുപ്പി ജില്ലയിൽ കുന്താപുരം താലൂക്കിൽ കന്യാന ഗ്രാമത്തിൽ ഹെമ്മാഡിയിലെ രജനി ഷെട്ടിയുടെ(60) വീട്ടിൽ നിന്നാണ് നാഗയെ(65) പൊലീസ് മോചിപ്പിച്ചത്. രജനിയെ കുന്താപുരം റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. കന്യാന ഗ്രാമത്തിൽ താമസിക്കുന്ന നാഗയെ ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഷാനപ്പ ഷെട്ടി എന്നറിയപ്പെടുന്ന സുബ്ബണ്ണ ഷെട്ടിയുടെ ഹെമ്മാഡിയിലെ വീട്ടിലേക്ക് കൊണ്ടുവന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. സുബ്ബണ്ണ ഷെട്ടിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ രജനി ഷെട്ടിയും മരുമകൻ കരുണാകര ഷെട്ടിയും തങ്ങൾക്ക് കൈമാറിക്കിട്ടിയ പൈതൃക അവകാശമായി അടിമവേല ആചാരം തുടർന്നു. കന്നുകാലികളെ പരിപാലിക്കുക, വയലുകൾ കൈകാര്യം ചെയ്യുക, വീടും ശൗച്യാലയങ്ങളും വൃത്തിയാക്കുക തുടങ്ങി ഓരോ ദിവസവും വിശ്രമം നൽകാതെ ജോലി ചെയ്യിച്ചു. കൂലി ഒന്നും നൽകിയുമില്ല. കാലിത്തൊഴുത്തിൽ ഇലയിട്ടാണ് ആഹാരം കൊടുത്തത്. ഉറങ്ങുന്നതും വസ്ത്രങ്ങൾ സൂക്ഷിക്കുന്നതും തൊഴുത്തിൽ തന്നെ. പുറത്തേക്ക് പോവാൻ അനുമതിയില്ലായിരുന്നു. സാമൂഹിക പ്രവർത്തകൻ നൽകിയ വിവരം അനുസരിച്ച് സ്ഥലത്ത് എത്തിയ കുന്താപുരം ഡിവൈഎസ്പി എച്ച്.ഡി. കുൽക്കർണി നാഗയുടെ മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നാലെ രജനി ഷെട്ടിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ മംഗളൂരു ജില്ല ജയിലിലയച്ചു.ഉഡുപ്പി അഡീ. പൊലീസ് സൂപ്രണ്ട്, സാമൂഹികക്ഷേമ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്റെയും പ്രതിനിധികൾ, കുന്താപുരം ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ഹട്ടിയങ്ങാടി ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ എന്നിവർ നാഗയെ പീഡിപ്പിച്ച വീട് സന്ദർശിച്ചു. നാഗയുടെ പുനരധിവാസത്തിലുള്ള നടപടികൾ സ്വീകരിച്ചതായി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button