6,6,6,6,6,4; വിജയ് ഹസാരെയിൽ ഹാർദിക്കിന്‍റെ വൺമാൻ ഷോ, സെഞ്ച്വറി; എന്നിട്ടും കളി കൈവിട്ട് ബറോഡ

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് സെഞ്ച്വറിക്കും ബറോഡയെ രക്ഷിക്കാനായില്ല. ബറോഡ ഉയർത്തിയ 294 റൺസിന്‍റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിദർഭ മറികടന്നു. ഹാർദികിന്‍റെ സെഞ്ച്വറിക്ക് മറ്റൊരു സെഞ്ച്വറിയിലൂടെ മറുപടി നൽകിയ ഓപണർ അമൻ മൊഖാഡെയാണ് (150) വിദർഭയുടെ ഒമ്പത് വിക്കറ്റ് വിജയത്തിന് ചുക്കാൻ പിടിച്ചത്. സ്കോർ: ബറോഡ – 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 293, വിദർഭ – 41.4 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 296. മത്സരത്തിൽ ടോസ് നേടിയ വിദർഭ, ബറോഡയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ ബോർഡിൽ 26 റൺസ് ചേർക്കുന്നതിനിടെ ഓപണർമാരെ നഷ്ടമായി. പിന്നീടെത്തിയവരും പരാജയപ്പെട്ടതോടെ വൻതകർച്ച മുന്നിൽക്കണ്ട ടീമിനെ, മധ്യനിരയിൽ ഇറങ്ങിയ ഹാർദിക്കാണ് കരകയറ്റിയത്. ടീം 71ന് അഞ്ച് എന്ന നിലയിലിരിക്കെയാണ് ഹാർദിക് ക്രീസിലെത്തിയത്. ഏഴാം നമ്പരിലിറങ്ങി 92 പന്തിൽ എട്ട് ഫോറും 11 സിക്സും സഹിതം 133 റൺസാണ് താരം നേടിയത്. ബറോഡക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ച ഹാർദിക്, 39-ാം ഓവർ എറിഞ്ഞ സ്പിന്നർ പാർഥ് രഖഡെയെ പഞ്ഞിക്കിട്ടു. ആദ്യത്തെ അഞ്ച് പന്തുകളിൽ സിക്സറുകളും അവസാന പന്തിൽ ഫോറും ഉൾപ്പെടെ 34 റൺസാണ് ഈ ഒറ്റ ഓവറിൽ പിറന്നത്. ഹാർദിക് തന്‍റെ വ്യക്തിഗത സ്കോർ 66ൽനിന്ന് 100ൽ എത്തിച്ചതും ഈ ഓവറിലാണ്. 62 പന്തിൽ 66 റൺസ് നേടിയ താരം, 68 പന്തിൽ മൂന്നക്കത്തിലെത്തി. ഹാർദിക്കൊഴികെ മറ്റാർക്കും 30നു മുകളിൽ സ്കോർ കണ്ടെത്താനായില്ല. 26 റൺസ് നേടിയ വിഷ്ണു സോളങ്കിയാണ് രണ്ടാമതുള്ളത്. ഒറ്റയാൾ പോരാട്ടമാണ് ബറോഡയുടെ സ്കോർ ബോർഡിൽ നിഴലിച്ചത്. വിദർഭക്കായി യഷ് താക്കൂർ നാല് വിക്കറ്റ് നേടി.മറുപടി ബാറ്റിങ്ങിൽ ഓപണർമാർ കത്തിക്കയറിയതോടെ വിദർഭക്ക് കാരംയങ്ങൾ എളുപ്പമായി. അമൻ മൊഖണ്ഡേയുടെ അപരാജിത സെഞ്ച്വറിക്ക് പുറമെ, അഥർവ തൈദേയും (65) ധ്രുവ് ഷൂരിയും (65*) അർധ സെഞ്ച്വറികൾ കുറിച്ചു. 121പന്തുകൾ നേരിട്ട മൊഖണ്ഡേ, 17 ഫോറും നാല് സിക്സും സഹിതം 150 റൺസ് നേടി പുറത്താകാതെ നിന്നു. 50 പന്തുകൾ ശേഷിക്കെയാണ് വിദർഭ വിജയലക്ഷ്യം ഭേദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button