ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് 70 കിലോ സ്ഫോടക വസ്തു; പുൽവാമ സ്വദേശിക്ക് കാർ വിറ്റ ഡീലറും അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ പുൽവാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റിൽ .കാർ ഡീലർ സോനുവാണ് അറസ്റ്റിലായത്. പൊട്ടിത്തെറിച്ച കാറില്‍ ഉണ്ടായിരുന്നത് 70 കിലോ സ്ഫോടകവസ്തുക്കളാണ്.ഫോറൻസിക് പരിശോധനയിൽ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില്‍ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചെങ്കോട്ട സ്ഫോടനത്തിൽ 15 പേർ അറസ്റ്റിലായത്.കാര്‍വിറ്റ ഡീലര്‍ ഉള്‍പ്പടെ മൂന്ന് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിന് സാധ്യത കുറവ് എന്നാണ് രഹസ്യാന്വേഷണ ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സ്ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചിരിക്കാന്‍ സാധ്യത കൂടുതലെന്നാണ് നിഗമനം. ഫരീദാബാദിൽ ഭീകര സംഘത്തെ പിടികൂടിയത്തോടെ പരിഭ്രാന്തിയിൽ ഉമർ കാറിൽ സ്ഫോടക വസ്തുക്കൾ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായെന്നാണ് നിഗമനം. അതേസമയം, ഇത് പ്രാഥമിക വിലയിരുത്തലുകൾ ആണെന്നും എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.ഫരീദാബാദിൽ സ്ഫോടക വസ്തുക്കളുമായി പിടികൂടിയവരുമായി ഉമറിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. സെപ്തംബറിൽ ഈ വാഹനം ഫരീദാബാദിലും മറ്റിടങ്ങളിലും സഞ്ചരിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. ഫരീദാബാദിലെ സംഘവുമായി ഡൽഹി സ്ഫോടനത്തിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. കുറ്റക്കാരെ വേട്ടയാടി പിടികൂടണമെന്നാണ് അമിത് ഷായുടെ നിർദേശം. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അതിനിടെ, ഡൽഹിയിൽ ഫരീദാബാദ് ഭീകര സംഘം ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നു.കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലും ദീപാവലി ദിനത്തിൽ ഡൽഹിയിലും സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു.ജനുവരി ആദ്യ ആഴ്ച മുസമ്മിലും, ഉമറും ചെങ്കോട്ട പരിസരത്ത് എത്തി. ഫരീദാബാദിൽ അറസ്റ്റിലായ മുസമ്മിൽ ഗനായുടെ മൊബൈൽ ഫോണിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.





