പരീക്ഷാ മാസങ്ങളിൽ ബാങ്കുകൾ ജപ്തി നടപടികൾ ഒഴിവാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: കുട്ടികൾക്ക് പരീക്ഷകളുള്ള മാസങ്ങളിൽ ബാങ്കുകൾ ജപ്തി പോലുള്ള നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ കേരള ബാങ്ക് സംഘടിപ്പിച്ച ഐടി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബാങ്കുകൾ പ്രത്യേകിച്ച് സഹകരണ ബാങ്കുകൾ സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണം. പരീക്ഷാ സമയങ്ങളിലുള്ള ജപ്തി പോലുള്ള നടപടികൾ കുട്ടികൾക്ക് വളരെയധികം മാനസിക സമ്മർദം നൽകുന്നുണ്ട്. ഇത് ചിലപ്പോൾ കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കാം. വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോൾ ജപ്തിയുടെ ഭാഗമായി വീടുകളിൽ നിന്ന് ഇറക്കിവിടുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കണം. പ്രത്യേകിച്ച് ഏക ഭവനം മാത്രമുള്ളവരെ. വെറും പണമിടപാടു സ്ഥാപനങ്ങൾ മാത്രമായി ബാങ്കുകൾ മാറരുത്. പിണറായി വിജയൻ പറഞ്ഞു.നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ അവയുടെ ചതിക്കുഴികൾ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്മാർട്ട് ഫോൺ വഴി പണമിടപാടുകളും മറ്റ് ബാങ്കിംഗ് ഇടപാടുകളും സുഗമമായി നടക്കുന്ന കാലമാണിത്. എന്നാൽ ഓൺലൈൻ പണതട്ടിപ്പ് പോലുള്ള പല ചതിക്കുഴികളും ഇതിലുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെയുള്ള പ്രതിരോധ മാർഗങ്ങൾ ഐടി കോൺക്ലേവിൽ ചർച്ചചെയ്തു.ബാങ്കിംഗ് മേഖലയിൽ കേരളം നടത്തിയ മാതൃകാപരമായ മുന്നേറ്റമാണ് കേരള ബാങ്കിൻ്റെ രൂപീകരണം. ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് 2019 നവംബർ 29ന് നിലവിൽ വന്ന കേരള ബാങ്ക് നാല് പൂർണ്ണ സാമ്പത്തിക വർഷങ്ങൾ പിന്നിടുമ്പോൾ ബിസിനസിൽ അറ്റലാഭം നേടികഴിഞ്ഞു. 2019 കേരള ബാങ്ക് രൂപീകരിച്ചപ്പോൾ ബാങ്കിൻ്റെ സഞ്ചിത നഷ്ടം 1,151 കോടി രൂപയായിരുന്നു. ഈ അവസ്ഥയിൽ നിന്നും 2023-24 സാമ്പത്തിക വർഷത്തിൽ 250 കോടി രൂപ അറ്റലാഭത്തിലേക്ക് ബാങ്കിന് എത്തിച്ചേരാനായി. ജനങ്ങൾക്ക് ബാങ്കിലുള്ള വിശ്വസമാണ് ഇത് കാണിക്കുന്നത്. നിക്ഷേപത്തിലും, വായ്പയിലും, ബിസിനസിലും കേരള ബാങ്കിന് വളർച്ചയുണ്ടായി. ബാങ്കിൻ്റെ ആകെ ബിസിനസ് ഏകദേശം 1, 22, 500 കോടി രൂപയാണ്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കുകളുടെ മൊത്ത ബിസിനസ്സിന്റെ കണക്കെടുക്കുമ്പോൾ കേരള ബാങ്കിന് മൂന്നാം സ്ഥാനമാണ്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾക്ക് കേരള ബാങ്ക് ഒരു വഴിക്കാട്ടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
