രാഹുൽ ഗാന്ധിയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവൻ ഒളിവിലെന്ന് പൊലീസ്, വിവാദത്തിൽ ബിജെപിക്ക് നാണക്കേട്
തൃശൂർ: രാഹുൽ ഗാന്ധിയെ വെടിവെച്ചു കൊല്ലുമെന്ന് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവൻ ഒളിവിലാണെന്ന് പേരാമംഗലം പൊലീസ്. അധ്യാപകനായ പ്രിന്റു എ.ബി.വി.പി മുൻ സംസ്ഥാന പ്രസിഡന്റും ബി.ജെ.പി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനറുമാണ്. കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാറിന്റെ പരാതിയിൽ ഭാരതീയ ന്യായസംഹിതയിലെ 192, 351 (2), 352 വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിൻറു മഹാദേവിനെ ന്യായീകരിച്ചും പൊലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കിയും ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ രംഗത്തെത്തി. പ്രിൻറുവിന് സംഭവിച്ചത് നാക്കുപിഴയാണെന്നും അതിന്റെ പേരിൽ ബി.ജെ.പിയെ വേട്ടയാടാൻ ശ്രമിച്ചാൽ ഏതു പൊലീസുകാരനെയും ചാണകം മുക്കിയ ചൂൽ കൊണ്ട് അടിക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. പ്രിൻറു മഹാദേവൻ പറഞ്ഞതിനോട് വ്യക്തിപരമായി യോജിക്കുന്നില്ല. എന്നാൽ, നാക്കുപിഴയുടെ പേരിൽ കേസെടുക്കാനാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിനെതിരെ നേപ്പാള്‍ മോഡല്‍ കലാപം വരണമെന്നും മോദിയെയും കൂട്ടരെയും ഓടിക്കണമെന്നും പറഞ്ഞ അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി തയാറാകുമോ? കോൺഗ്രസുകാർ ഈ വിഷയത്തിൽ വല്ലാതെ തിളക്കേണ്ടെന്നും പ്രവർത്തകരെ വേട്ടയാടിയാൽ ഒരു കോൺഗ്രസുകാരനെയും വീട്ടിലുറങ്ങാൻ സമ്മതിക്കില്ലെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ യുവനേതാവ് എം.എൽ.എ സ്ത്രീകളെ അപമാനിച്ചപ്പോൾ ആ യുവ എം.എൽ.എയെ സംരക്ഷിച്ചത് സി.പി.എമ്മാണെന്നും സി.പി.എം- കോൺഗ്രസ് ഐക്യമാണ് ഇവിടെ കാണുന്നതെന്നും രാഹുൽ ഗാന്ധിയെ പറഞ്ഞപ്പോൾ പിണറായിക്ക് പൊള്ളണ്ടെന്നും ബി. ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. എന്നാൽ, പ്രിന്റു മഹാദേവനെതിരെ ചുമത്തിയ വകുപ്പുകളിൽ പൊലീസിനെ വിമർശിച്ച് തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്തെത്തി. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിന്റെ നെഞ്ചത്ത് വെടിയുണ്ട കയറ്റുമെന്ന് പ്രസംഗിച്ചയാൾക്കെതിരെ ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് ജോസഫ് ടാജറ്റ് കുറ്റപ്പെടുത്തി. ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തത് ബി.ജെ.പിയും പൊലീസുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായാണെന്ന് കോൺഗ്രസ് നേതാവ് സി.സി. ശ്രീകുമാർ വ്യക്തമാക്കി. അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളി തുടരുകയാണെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ശ്രീകുമാർ വ്യക്തമാക്കി.രാഹുൽ ഗാന്ധിക്കെതിരായ പ്രസംഗത്തിനെതിരെ തൃശ്ശൂർ ജില്ലയിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ച കോൺഗ്രസ്, പ്രിന്റു മഹാദേവന്റെ വീട്ടിലേക്ക് പ്രതിഷേധ ജാഥ നടത്തി.
