ഇന്ത്യ-പാകിസ്താൻ വനിത താരങ്ങൾ ഹസ്തദാനം നടത്തുമോ? നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ

മുംബൈ: തുടർച്ചയായ മൂന്നു ഞായറാഴ്ചകളിലും ഇന്ത്യ-പാകിസ്താൻ പോരാട്ടം കണ്ട ക്രിക്കറ്റ് ലോകം, ഈ ഞായറാഴ്ചയും മറ്റൊരു ഇന്ത്യ-പാക് മത്സരത്തിന് കാത്തിരിക്കുകയാണ്. വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-പാക് വനിത ടീമുകളാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. ഏഷ്യ കപ്പിലെ നാടകീയതയും വിവാദവും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല, ഇതിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ചിരവൈരികൾ വീണ്ടും കൊമ്പുകോർക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയിലുള്ള ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. രാഷ്ട്രീയ കാരണങ്ങളാൽ ഏഷ്യ കപ്പിൽ പാകിസ്താൻ ടീമിന് ഹസ്തദാനം നൽകാതിരുന്ന പുരുഷ ടീമിന്‍റെ പാത തന്നെ വനിത ടീമും സ്വീകരിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടെന്ന് ബി.സി.സി.ഐ ഇന്ത്യന്‍ വനിത ടീമിനെ അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവാദങ്ങളില്‍ അല്ല, ക്രിക്കറ്റിലാണ് ശ്രദ്ധയെന്ന് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ബി.സി.സി.ഐ നിര്‍ദേശം നല്‍കിയത്. ഏഷ്യ കപ്പിൽ മൂന്നു മത്സരങ്ങളിലും ടോസിനുശേഷം പാകിസ്താൻ നായകൻ സൽമാൻ ആഗക്ക് ഇന്ത്യൻ നായകൻ ഹസ്തദാനം നൽകിയിരുന്നില്ല. മത്സരശേഷം താരങ്ങളുടെ പതിവ് ഹസ്തദാനവും ഇല്ലായിരുന്നു. ഇരുടീമുകളും സഹതാരങ്ങൾക്ക് കൈകൊടുത്ത് നേരെ ഡ്രസ്സിങ് റൂമിലേക്ക് പോകുന്നതാണ് കണ്ടത്. ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനെ തോൽപിച്ച് ജേതാക്കളായെങ്കിലും വിജയികൾക്കുള്ള കിരീടവും ഇന്ത്യ ഏറ്റുവാങ്ങിയിരുന്നില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാകിസ്താൻ അഭ്യന്തര മന്ത്രിയുമായ മുഹ്സിൻ നഖ്‌വിയിൽനിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ സൂര്യകുമാർ വ്യക്തമാക്കിയിരുന്നു. ഏറ്റുവാങ്ങാൻ ഇന്ത്യ വിസമ്മതിച്ചതോടെ നഖ്‌വി വിജയികൾക്കുള്ള കിരീടവുമായി താമസിക്കുന്ന ഹോട്ടലിലേക്ക് പോയതും വിവാദമായി. ഇതുവരെ ഇന്ത്യൻ ടീമിന് കിരീടം കൈമാറിയിട്ടില്ല. നഖ്‌വിക്കെതിരെ ഇംപീച്ച്മെന്‍റ് ഉൾപ്പെടെയുള്ള നടപടികൾക്ക് ബി.സി.സി.ഐ നീക്കം തുടങ്ങിയിട്ടുണ്ട്. അതേസമയം, പാകിസ്താനെതിരെ പുരുഷ താരങ്ങൾ സ്വീകരിച്ച വഴി തന്നെയാകും വനിത താരങ്ങളും സ്വീകരിക്കുക എന്ന സൂചനയാണ് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയും നൽകിയത്. ഒന്നും പ്രവചിക്കാനാകില്ല. എന്നാൽ, പാകിസ്താനുമായുള്ള ബന്ധത്തിൽ മാറ്റമുണ്ടാകില്ല. കഴിഞ്ഞയാഴ്ചയും അതിനു മാറ്റമുണ്ടായിട്ടില്ല. കൊളംബോയിൽ പാകിസ്താനെതിരായ മത്സരത്തിൽ എല്ലാ പ്രോട്ടോക്കോളും ഇന്ത്യ പാലിക്കും. എന്നാൽ, ഹസ്തദാനം ആലിംഗനം എന്നിവയുടെ കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത് ഇന്ത്യയാണെങ്കിലും പാകിസ്താൻ യാത്ര ചെയ്യാൻ വിസമ്മതിച്ചതോടെയാണ് അവരുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button