അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, മൂന്നാം ദിനം തന്നെ മുട്ടുമടക്കി വിൻഡീസ്, ഇന്ത്യയ്ക്ക് കൂറ്റൻ ജയം

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിഗ്സ് ജയം. ബോളർമാർ തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് ഇന്നിംഗ്സിനും 140 റൺസിനും അടിയറവ് പറഞ്ഞു. രണ്ടിംഗ്സുകളിലായി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് വിൻഡീസിനെ കൂടുതൽ കുഴപ്പിച്ചത്. ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിറാജ് രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റുകൾ വീഴ്ത്തി.
38 റൺസ് നേടിയ അലിക്ക് അത്തനാസെയാണ് വിൻഡീസിന്റെ ടോപ് സ്കോറർ. വാലറ്റത്ത് ജെയ്ഡൻ സീൽസ് (12 പന്തിൽ 22), യൊഹാൻ ലെയ്ൻ (13 പന്തിൽ 14), ഖാരി പിയറി (28 പന്തിൽ 13) എന്നിവർ മുൻനിരയെ അപേക്ഷിച്ച് ചെറുതായെങ്കിലും പൊരുതി നോക്കി. ടാഗ്‍നരെയ്ൻ ചന്ദർപോൾ (എട്ട്), ബ്രാണ്ടൻ കിങ് (അഞ്ച്), റോസ്റ്റൻ ചെയ്സ് (ഒന്ന്), ഷായ് ഹോപ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് വിൻഡീസ് താരങ്ങളുടെ രണ്ടാം ഇന്നിങ്സിലെ സ്കോറുകൾ. ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് രണ്ടും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.
രാഹുൽ (100), ധ്രുവ് ജുറേൽ (125), രവീന്ദ്ര ജഡേജ (104 നോട്ടൗട്ട്) എന്നിവരുടെ സെഞ്ച്വറിക്കരുത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ 5ന് 448 എന്ന നിലയിലായിരുന്നു ടീം ഇന്ത്യ. മൂന്നാം ദിവസം തുടക്കത്തിൽ 286 റൺസ് ലീഡോഡെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ, വിൻഡീസിനെ രണ്ടാം ഇന്നിംഗ്സിന് വിടുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ വെസ്റ്റിൻഡീസ് 162 റൺസെടുത്തു പുറത്തായിരുന്നു.