ഹരിയാന ഐ.പി.എസ് ഓഫിസർ വസതിയിൽ വെടിയേറ്റു മരിച്ച നിലയിൽ
ചണ്ഡിഗഢ്: ഹരിയാന കേഡർ ഐ.പി.എസ് ഓഫിസർ വൈ. പുരൺ കുമാറിനെ ചണ്ഡിഗഢിലെ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചണ്ഡീഗഡ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിലെത്തി സ്ഥലം പരിശോധിച്ചു. പുരൺ കുമാർ തന്റെ ഔദ്യോഗിക തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പറയുന്നു. 2001 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ പുരൺ കുമാറിനെ നേരത്തെ റോഹ്തക് റേഞ്ച് എ.ഡി.ജി.പി ആയി നിയമിച്ചിരുന്നു. സെപ്റ്റംബർ 25ന് റോഹ്തക്കിലെ സുനാരിയയിലെ പൊലീസ് പരിശീലന കേന്ദ്രത്തിൽ ഇൻസ്പെക്ടർ ജനറലായി സ്ഥലം മാറ്റി. എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹം 1973 മെയ് 19നാണ് ജനിച്ചത്. 2033 മെയ് 31ന് വിരമിക്കേണ്ടതായിരുന്നു.
