കുരിശുമാലയും കുങ്കുമവും നിരോധിക്കുമോ? പള്ളുരുത്തി സ്വകാര്യ സ്‌കൂളിലെ തട്ടം നിരോധനത്തില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്
തൃശൂര്‍: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ തട്ടം വിവാദത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത.
സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തട്ടം നിരോധിച്ച സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മെത്രാപ്പൊലീത്തയുടെ പ്രതികരണം.
അധ്യാപകര്‍ക്കില്ലാത്ത എന്ത് നിബന്ധനയാണ് കുട്ടികള്‍ക്കെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയൂസ് മെത്രാപ്പൊലീത്ത ചോദ്യം ചെയ്തു. കഴുത്തില്‍ കുരിശുമാല, നെറ്റിയില്‍ കുങ്കുമം, കയ്യില്‍ ഏലസ് ഒക്കെ നിരോധിക്കുമോയെന്നും മെത്രാപ്പൊലീത്ത യൂണിഫോം നിബന്ധനയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
നേരത്ത, യൂണിഫോം കോഡ് പാലിച്ചില്ലെന്ന് കാണിച്ച് കൊച്ചി പള്ളുരുത്തിയിലെ സ്വകാര്യ സ്‌കൂളായ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ ഹിജാബ് ധരിച്ചെത്തുന്നതില്‍ നിന്നും വിലക്കിയിരുന്നു.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തുകയും വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
ജൂണ്‍-ജൂലൈ മാസത്തില്‍ കുട്ടി ഒന്നുരണ്ട് തവണ ഹിജാബ് ധരിച്ചെത്തിയിരുന്നു. തുടര്‍ന്ന് യൂണിഫോം നിബന്ധനകള്‍ പാലിക്കാന്‍ എല്ലാകുട്ടികളും ബാധ്യസ്ഥരാണെന്നും അതൊരാളായിട്ട് ലംഘിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞിരുന്നു.
ഇതോടെ നാല് മാസത്തോളം യൂണിഫോം നിബന്ധനകള്‍ പാലിച്ചിരുന്ന കുട്ടി കഴിഞ്ഞദിവസം തട്ടം ധരിച്ചെത്തിയതോടെയാണ് മാനേജ്‌മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയത്.
മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനായി കുട്ടിയെ തട്ടം ധരിച്ചെത്താന്‍ ആരോ നിര്‍ബന്ധിക്കുകയാണെന്നാണ് മനേജ്‌മെന്റിന്റെ ആരോപണം. വിവാദത്തിന് പിന്നാലെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു.
തട്ടം വിവാദത്തിന് പിന്നാലെ പൊലീസ് സുരക്ഷയ്ക്കുള്ള അനുമതി ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് സ്‌കൂളിലും പരിസരങ്ങളിലും ക്രമസമാധാനം നിലനിര്‍ത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
